തിരുവനന്തപുരം: വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ സമന്വയിപ്പിച്ച് ലൈഫ് മിഷന് കീഴിലാക്കിയതോടെ സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ണമായും നിലച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അപേക്ഷിക്കുമ്പോള്‍ തന്നെ ഗുണഭോക്താക്കളെ പുറത്താക്കുന്ന വിചിത്രമായ പദ്ധതിയായി ലൈഫ് മിഷന്‍ മാറിയെന്നും ലക്ഷ്യമിട്ടതിന്റെ പകുതി വീടുകള്‍ പോലും നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 9 ലക്ഷം അപേക്ഷകരില്‍ നിന്നും ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഒന്നര വര്‍ഷമായിട്ടും പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഭവനരഹിതര്‍ക്കുണ്ടായ ആശങ്ക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.കെ ബഷീര്‍ നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
Read Also : മതംമാറിയില്ലെങ്കില്‍ ബന്ധം ഒഴിയണം: ഭാര്യയുടെ മുന്നിലിട്ട് ഭാര്യ സഹോദരന്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2011 മുതല്‍ 2016 വരെ നാലു ലക്ഷത്തിമുപ്പത്തിനാലായിരം വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. എന്നാല്‍ 2016 മുതല്‍ 2021 വരെ പിണറായി സര്‍ക്കാര്‍ രണ്ടു ലക്ഷത്തില്‍ താഴെ വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതി രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2020 സെപ്റ്റംബറില്‍ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ 17 മാസം വൈകി 2022 ഫെബ്രുവരിയില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് ഇപ്പോള്‍ മന്ത്രി പറയുന്നത്. ഇരുപത് മാസത്തോളം സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍ സ്തംഭനാവസ്ഥയില്‍ തുടരുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒമ്പതു ലക്ഷം അപേക്ഷകരില്‍ റേഷന്‍ കാര്‍ഡില്ലാത്തവരെ പുറത്താക്കിയിരിക്കുകയാണ്. സ്വന്തമായി വീടില്ലാത്തവര്‍ക്ക് എവിടെ നിന്ന് റേഷന്‍ കാര്‍ഡ് ലഭിക്കും. സങ്കീര്‍ണമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഗുണഭോക്താക്കളുടെ എണ്ണം വെട്ടിച്ചുരുക്കി നാലുലക്ഷം കുടുംബങ്ങളെ സര്‍വെയുടെ ഘട്ടത്തില്‍ തന്നെ പുറത്താക്കിയെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ വന്നതോടെ വീടുകളുടെ അറ്റകുറ്റ പണികള്‍ക്കുള്ള ധനസഹായം പോലും നിലച്ചു. ലൈഫ് മിഷന് പ്രാദേശിക വിഭവ സമാഹരണം നടത്തുമെന്ന് പ്രഖ്യപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Post Your Comments