തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ജനതാത്പര്യമല്ല മറിച്ച് വ്യക്തമായ അഴിമതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കെ റെയില്‍ വിരുദ്ധ സമരത്തിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ എല്ലാം അവഗണിക്കുന്ന സര്‍ക്കാര്‍ കെ റെയില്‍ വിഷയത്തില്‍ വേഗത്തില്‍ ഇടപെടുന്നത് എന്തു കൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതി മാത്രം ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ കെ റെയിലിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also : വാതില്‍പ്പടി സേവനം: സഹായിക്കാന്‍ ആരുമില്ലാത്തവര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍
കേരളത്തില്‍ പ്രായോഗികമല്ലാത്തതും അനുയോജ്യമല്ലാത്തതുമായ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഏത് വിദഗ്ധ ഏജന്‍സിയുടെ ഉപദേശമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും വായ്പ എടുക്കുന്ന സര്‍ക്കാരാണോ 1,30,000 കോടി രൂപ വിദേശത്ത് നിന്നും കടം വാങ്ങുന്നതെന്നും രാജ്യത്തെ ഈട്‌വച്ച് കടം എടുക്കാന്‍ പിണറായി സര്‍ക്കാരിനെ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണെമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ തിരിഞ്ഞു നോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ക്വാറി മുതലാളിമാരുടെയും പാറമടക്കാരുടെയും താത്പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ഈ ദുരിതത്തില്‍ നിന്നും ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള വികസനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments