കൊച്ചി : യാഥാസ്ഥിതിക കുടുംബത്തിൽനിന്നു ഫാഷൻ ലോകത്തേയ്ക്ക് എത്തിയ അൻസി കബീറിന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ ഉമ്മ റസീന ബീവിയായിരുന്നു. 2019ൽ റാംപിൽ നേടിയ സുന്ദരിപ്പട്ടം അൻസി അന്നു സമർപ്പിച്ചത് പ്രിയപ്പെട്ട ഉമ്മയ്ക്ക് തന്നെയായിരുന്നു. ഏക മകൾ , അപകടത്തിൽ മരിച്ചെന്ന വാർത്ത അറിഞ്ഞതോടെ ആ ഉമ്മയ്ക്ക് താങ്ങാനായില്ല, അതാണ് ജീവനൊടുക്കാൻ തുനിഞ്ഞതും. സ്വപ്നം കണ്ട വിജയങ്ങളെല്ലാം കൈപ്പിടിയിലൊതുക്കാൻ മകളെ പ്രാപ്തയാക്കുകയായിരുന്നു ആ ഉമ്മ.
മകളുമായി നല്ല ആത്മബന്ധമായിരുന്നു മാതാവ് റസീന ബീവിക്കുണ്ടായിരുന്നത്. മകളുടെ മരണം അവരെ തകർത്തുകളഞ്ഞു. ഈ സംഘർഷത്തിൽനിന്നാകണം അവരുടെ ആത്മഹത്യാ ശ്രമമെന്നു ബന്ധുക്കൾ പറഞ്ഞു.കൊച്ചിയിൽ നടന്ന മിസ് കേരള സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന വിവരം അന്ന് അടുത്ത ബന്ധുക്കൾ ഒഴികെ ആരോടും പറഞ്ഞിരുന്നില്ല. ആ ദിവസങ്ങളിലായിരുന്നു പിതാവിന്റെ സഹോദരന്റെ മകളുടെ വിവാഹം. ഉപ്പയുടെ അനുവാദം വാങ്ങിയാണ് താൻ മത്സരത്തിനു വന്നതെന്നും അൻസി പറഞ്ഞിരുന്നു.
ഈ വർഷത്തെ മിസ് സൗത്ത് ഇന്ത്യ കിരീടവും അൻസി കബീർ നേടിയിരുന്നു. മകളുടെ ആഗ്രഹങ്ങളെ ഉമ്മ പിന്തുണച്ചപ്പോൾ പിതാവും കാര്യമായി എതിർത്തില്ല. ഒടുവിൽ മിസ് കേരള സൗന്ദര്യ കിരീടം സ്വന്തമാക്കി. കൂട്ടുകാർക്കൊപ്പം കൊച്ചിയിലെ ചടങ്ങുകൾക്കുശേഷം മടങ്ങുമ്പോഴായിരുന്നു അൻസിയുടെ അന്ത്യം. സൗന്ദര്യകിരീടം അണിഞ്ഞതിനു പിന്നാലെ സിനിമാ മോഹങ്ങളാണ് അൻസി മനസ്സിൽ സൂക്ഷിച്ചിരുന്നത്. ഇതിനായി കൊച്ചി സന്ദർശനങ്ങൾ പതിവായിരുന്നു. സിനിമാ പ്രതീക്ഷകൾക്കുമേൽ കോവിഡ് കരിനിഴലിട്ടപ്പോൾ ടെക്നോപാർക്കിലെ ജോലിയുമായി കഴിഞ്ഞു.
വീണ്ടും തിയറ്ററുകൾ തുറന്നു സിനിമാ ലോകം സജീവമാകുന്ന സാഹചര്യമുണ്ടായപ്പോഴാണ് പ്രതീക്ഷകളുമായി കൊച്ചിയിലേയ്ക്കെത്തുന്നത്. കുറച്ചു നാളായി ഷൂട്ടുകളുമായി സജീവമായിരുന്നു. റാംപില്‍നിന്നു ലഭിച്ച സുഹൃത്ത് അൻജന ഷാജനായിരുന്നു മിക്കപ്പോഴും കൂട്ട്. ‘വീട്ടില്‍ അമ്മ തനിച്ചാണ്, എനിക്ക് ഇന്നു തന്നെ മടങ്ങണം…’
കൊച്ചിയില്‍ ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്തുനിന്നു ഡോ. അഞ്ജന ഷാജന്‍ തിരക്കിട്ടു മടങ്ങിയപ്പോള്‍ കൂട്ടുകാരിയും ഒപ്പം കൂടി. അഞ്ജനയുടെ അച്ഛന്‍ ഷാജന്‍ ആലുവയിലെ ജോലി സ്ഥലത്തായതിനാല്‍ അമ്മ ലതിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ സഹോദരന്‍ അര്‍ജുന്‍ കൊച്ചിയിലായിരുന്നു. അതുകൊണ്ടായിരുന്നു രാത്രിയിലെ യാത്ര. ഈ യാത്രയില്‍ അഞ്ജനയ്‌ക്കൊപ്പം അന്‍സി കബീറും ഓര്‍മ്മയായി.
മാള സ്വദേശി അബ്ദുൽ റഹ്മാനാണ് കാർ ഓടിച്ചിരുന്നത്. ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് കൊടുങ്ങല്ലൂർ സ്വദേശിയാണ്. ഗുരുതരമായി പരുക്കേറ്റ ഇയാൾ ഇപ്പോൾ വെന്റിലേറ്ററിലാണ്. ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല.
Post Your Comments