ErnakulamLatest NewsKeralaNattuvarthaNews

കീമോ കഴിഞ്ഞ് തിരിച്ചു പോകുന്ന ഒരാളാണ് ആദ്യം വഴി തടയുന്നത് ശരിയല്ലെന്ന് പറഞ്ഞത്, ആരും ചെയ്തുപോകുന്ന കാര്യമാണത്

ഏറ്റവും എതിർപ്പ് സ്ത്രീ സംരക്ഷണ നിയമങ്ങളെ ദുരുപയോഗം ചെയ്തതിനാണ്

തിരുവനന്തപുരം: നടൻ ജോജു ജോർജ്ജിന് പിന്തുണയുമായി ആർ ജെ സലിമിന്റെ ഫേസ്ബുക് പോസ്റ്റ്‌. ജോജുവിന്‌ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലായിരുന്നു എന്നുള്ളതുകൊണ്ട് അതിലേക്ക് അരാഷ്ട്രീയത ആരോപിക്കുന്നത് ശരിയല്ലെന്നും, മറ്റുള്ള യാത്രക്കാർക്ക് വേണ്ടിയാണ് ജോജു ശബ്ദിച്ചതെന്നും ആർ ജെ സലിം പറയുന്നു.

Also Read:‘ഇന്ധനവില വർധനവ് കാരണം വണ്ടി വിറ്റ് പ്രതിഷേധിച്ച ജോജോ ചേട്ടൻ ഇഷ്ടം’: പരിഹസിച്ച് വീണ എസ് നായർ

‘കീമോ കഴിഞ്ഞു സ്വന്തം മാതാപിതാക്കളെയും കൊണ്ടുപോകുന്ന ഒരാളാണ് ആദ്യമായി ഇന്നലെ, വഴി തടയുന്നത് ശരിയല്ല എന്ന് പറഞ്ഞു മുന്നോട്ടു വരുന്നത്. അത് നമ്മളിലാരും ചെയ്തുപോവുന്നൊരു കാര്യമാണ്. ജോജു അയാൾക്ക് പിന്തുണയുമായാണ് എത്തുന്നത്. അതിലൊരു സത്യസന്ധമായ മനുഷ്യ സ്നേഹമുണ്ട്. ജോജു സംസാരിച്ചത്, അയാൾക്ക് പോകണമെന്നല്ല, എസിയില്ലാതെ ചൂടത്തിരിക്കുന്നവരെക്കുറിച്ചാണ്, രോഗികളെക്കുറിച്ചാണ്’, ഫേസ്ബുക് കുറിപ്പിൽ ആർ ജെ സലിം വ്യക്തമാക്കുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

1. ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടാണോ സമരങ്ങൾ നടത്തേണ്ടത് ?

അതേ, അല്ലെങ്കിൽ അല്ല എന്നൊരു ഉത്തരമില്ല ഈ ചോദ്യത്തിന്. ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടിയാണ് സമരങ്ങൾ. അപ്പോൾ അത് ജനങ്ങളുടെ ഇടയിലല്ലാതെ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു നടത്താനാവില്ല.

എന്നാൽ കീമോ കഴിഞ്ഞു പോകുന്ന പേഷ്യൻസ്, കൊടും ചൂടത്തു പെട്ടുപോവുന്ന വൃദ്ധർ, പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾ എന്നിവരുടെ ആവശ്യങ്ങൾ തടസ്സപ്പെടുത്തുന്നതും ശരിയല്ല. എല്ലാവരും ഏറ്റവും കുറ്റപ്പെടുത്തുന്ന ഹർത്താലുകൾ മുൻകൂട്ടി നിശ്ചയിച്ചു നടത്തുന്നവയാണ്.

അവശ്യ സർവീസുകളെ അതിൽ നിന്നൊഴിവാക്കുന്നത് ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മനസ്സിലാകുന്നതു കൊണ്ടാണ്. ജനങ്ങൾക്ക് ഏറ്റവും കുറച്ചു ബുദ്ധിമുട്ടുകളുണ്ടാക്കുകയും അവർക്കിടയിൽ അവബോധമുണ്ടാക്കുകയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുക എന്നതാണ് ഒരു സമരത്തിന്റെ രീതി.

2. ജോജു ചെയ്തത് അരാഷ്ട്രീയതയല്ലേ ?

ജോജുവിന്‌ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലായിരുന്നു എന്നുള്ളതുകൊണ്ട് അതിലേക്ക് അരാഷ്ട്രീയത ആരോപിക്കുന്നത് ശരിയല്ല. കീമോ കഴിഞ്ഞു സ്വന്തം മാതാപിതാക്കളെയും കൊണ്ടുപോകുന്ന ഒരാളാണ് ആദ്യമായി ഇന്നലെ, വഴി തടയുന്നത് ശരിയല്ല എന്ന് പറഞ്ഞു മുന്നോട്ടു വരുന്നത്. അത് നമ്മളിലാരും ചെയ്തുപോവുന്നൊരു കാര്യമാണ്.

ജോജു അയാൾക്ക് പിന്തുണയുമായാണ് എത്തുന്നത്. അതിലൊരു സത്യസന്ധമായ മനുഷ്യ സ്നേഹമുണ്ട്. ജോജു സംസാരിച്ചത്, അയാൾക്ക് പോകണമെന്നല്ല, എസിയില്ലാതെ ചൂടത്തിരിക്കുന്നവരെക്കുറിച്ചാണ്, രോഗികളെക്കുറിച്ചാണ്.

അതും ഒരു രാഷ്ട്രീയ സമരവും ഇരുചേരികളിൽ വരുമ്പോൾ ഏത് രാഷ്ട്രീയപ്പാർട്ടി ആണെങ്കിലും അതിനെ അഡ്രസ് ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അല്ലാതെ ഗുണ്ടായിസം കാണിച്ചു വണ്ടി തല്ലിപ്പൊളിക്കുന്നതല്ല അതിനുള്ള മറുപടി.

3. അപ്പോൾ ഇന്ധന വില വർദ്ധനവിനെതിരെ സമരം ചെയ്യണ്ട എന്നാണോ ?

ഒരിക്കലുമല്ല. എന്നുമാത്രമല്ല, രാജ്യമൊട്ടുക്ക് അതിനെ വലിയ പ്രതിഷേധമായി ഉയർത്തിക്കൊണ്ടുവരികയും വേണം. കോൺഗ്രസിന്റെ സമരത്തിന്റെ പ്രശ്നം, അതിലെ ഇരട്ടത്താപ്പാണ്. പെട്രോൾ വില നിർണ്ണയാധികാരം കമ്പനികൾക്ക് വിട്ടുകൊടുത്തു ഈ പരിപാടി തുടങ്ങിവെച്ചത് കോൺഗ്രസാണ്.

അവർക്ക് അടുത്ത ഘട്ടം അധികാരം കിട്ടിയിരുന്നു എങ്കിൽ ഉറപ്പായും ഡീസലിന്റെ കാര്യവും കൂടി തീരുമാനമാക്കിയേനെ. അതിനെ അക്‌നോളജ്‌ ചെയ്യാതെ, അത് തെറ്റായിപ്പോയി എന്ന് സമ്മതിക്കാതെ നടത്തുന്നൊരു സമരം സത്യസന്ധമല്ല.

മാത്രമല്ല, ഇന്ധന വിലവർധനവാണ് ഭേദം എന്ന് തോന്നിപ്പിക്കാനല്ല സമരം ചെയ്യേണ്ടത്. ഇനിയും സഹിച്ചു മിണ്ടാതിരിക്കരുത് എന്നോർമിപ്പിക്കാനാണ്‌. അത് തിരിച്ചറിഞ്ഞിരുന്നു എങ്കിൽ ഇങ്ങനെയല്ല ഒരെതിർപ്പിനെ നേരിടേണ്ടത്.

4. സിപിഎം ആയിരുന്നു സമരം നടത്തിയിരുന്നതെങ്കിലോ ?

അതിനുള്ള മറുപടി ഇന്നലെ റഹിം പറഞ്ഞു കഴിഞ്ഞു. ഒരു രാഷ്ട്രീയപ്പാർട്ടി ഒരു സമരം നടത്തുമ്പോൾ അതിനുള്ള എതിർപ്പുകളെക്കൂടി പരിഗണിച്ചുവേണം അതെങ്ങനെ നടത്തണമെന്നു തീരുമാനിക്കാൻ.

എന്നിട്ടും എതിർപ്പുകൾ വരുകയാണ് എങ്കിൽ അതിനെ പക്വമായി നേരിടണം. അതിലെ വിഷയങ്ങൾ അഡ്രസ് ചെയ്യണം.

അല്ലാതെ ചോദ്യം ചെയ്ത ആൾക്കെതിരെ കേറിപ്പിടിച്ചു എന്നുപറഞ്ഞു കേസ് കൊടുക്കുക, അയാൾ മദ്യപാനിയും കഞ്ചാവിനടിമയും ആണ് എന്ന് വ്യക്തിയാക്രമണങ്ങൾ നടത്തുക, നിങ്ങൾ ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തുക, അയാളുടെ വീട്ടിലേക്ക് മാർച്ച് നടത്തി പൊളിറ്റിക്കൽ പവർ കാണിക്കുക എന്നതൊക്കെ എത്രമാത്രം ചീപ്പാണ് എന്ന് ആലോചിച്ചു നോക്കുക.

5. ജോജുവിനുള്ള പിന്തുണ ഭാവിയിലെ സമരങ്ങളെ എല്ലാം ബാധിക്കില്ലേ..?

അത് നിങ്ങളിതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നനുസരിച്ചിരിക്കും. ജനങ്ങൾ എന്തുകൊണ്ടാണ് ഒരു സമരമുഖത്തേയ്ക്ക് ഒന്നടങ്കം വരാത്തത് എന്നാലോചിക്കണം.

അവർ ജീവിക്കാൻ നെട്ടോട്ടമോടുകയാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. സമൂഹത്തിൽ അരാഷ്ട്രീയത ഉണ്ടാവുന്നത് അങ്ങനെകൂടിയാണ്. അവരെ അവരുടെ ഡെയിലി സ്ട്രഗിളിൽ തളച്ചിട്ടു അതിൽ നിന്ന് ശ്രദ്ധമാറ്റാൻ പറ്റാത്ത വിധത്തിൽ കെട്ടിയിടുക.

അതിനെ രാഷ്ട്രീയപ്പാർട്ടികൾ അഡ്രസ് ചെയ്യണം. ബിജെപിയെ സമ്പൂർണ്ണമായി തിരസ്കരിച്ച സംസ്ഥാനമാണ് കേരളം. നിയമസഭയിലേക്കോ ലോക് സഭയിലേക്കോ കേരളത്തിൽ നിന്നൊരു ബിജെപി പ്രതിനിധിയില്ല. അതുപോലെയല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ. അവിടേക്ക് കൂടി പ്രതിഷേധമെത്തണം.

ഇവിടെ പ്രതിഷേധിക്കണ്ട എന്നല്ല, ഇന്ത്യയിലിവിടെയും ഒരു ചെറു പ്രതിഷേധം ഉണ്ടാവുന്നത് ഏറ്റവും നല്ല കാര്യം തന്നെയാണ്.

6. പിന്നെന്തിനാണ് കോൺഗ്രസിന്റെ സമരത്തെ എതിർക്കുന്നത് ?

കോൺഗ്രസിന്റെ സമരത്തെ ഒട്ടും എതിർക്കുന്നില്ല.

എതിർക്കുന്നത്, അവരുടെ രാഷ്ട്രീയ ചരിത്രം മറച്ചു വെയ്ക്കുന്നതിനെയാണ്. അവർ ചെയ്ത തെറ്റ് അവർ അംഗീകരിക്കാത്തതിന്റെ സത്യസന്ധതയില്ലായ്മയെയാണ്. ജനങ്ങൾക്ക് കൂടുതൽ ദുരിതം ഉണ്ടായി എന്നതിലാണ്.

അവർക്ക് പെട്രോൾ വില കൂടിയാലും ഇതുപോലെ സമരം ചെയ്യല്ലേ എന്ന അരാഷ്ട്രീയ തോന്നലുണ്ടാക്കിയതുകൊണ്ടാണ്. വിമർശനത്തെ അവർ ചോദ്യം ചെയ്ത വിധം കണ്ടിട്ടാണ്.

ജോജുവിനോട് അക്രമം കാണിച്ചതിനാണ്, അയാളുടെ വണ്ടി തല്ലിപ്പൊളിച്ചതിനാണ്, അത് കോൺഗ്രസ് പ്രവർത്തകരല്ല എന്ന് പച്ചക്കള്ളം ചാനലിൽ വന്നിരുന്നു പറഞ്ഞതിനാണ്. ഏറ്റവും എതിർപ്പ് സ്ത്രീ സംരക്ഷണ നിയമങ്ങളെ ദുരുപയോഗം ചെയ്തതിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button