കുന്ദമംഗലം: ജോലി കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇടവഴിയില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ട ചിത്രകാരിയും പരസ്യ സംവിധായികയും ആക്ടിവിസ്റ്റുമായ ആലീസ് മഹാമുദ്രയുടെ ഫേസ്‌ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചാ വിഷയം.
മനോധൈര്യം കൈവിടാതെ പ്രതിയെ ചവിട്ടി വീഴ്ത്തിയും ഉച്ചത്തില്‍ അലറി ഒച്ചവച്ചുമാണ് ആലീസ് അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. എന്നാൽ, മൈനർ എന്ന പേരിൽ പ്രതി അറിയപ്പെടുമ്പോൾ തനിക്ക് അവൻ മൈനർ അല്ല റേപ്പിസ്റ്റാണെന്ന നിലപാടിലാണ് ആലീസ്. മാതൃഭൂമിയുടെ അഭിമുഖത്തിലൂടെ ആലീസ് വളരെ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അഭിമുഖത്തിന്റെ പൂർണരൂപം ആലീസ് തന്നെ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
(അഭിമുഖം: നിലീന അത്തോളി) എന്റെ ചോദ്യമിതാണ്;
മൈനര്‍ എന്ന കാറ്റഗറിയില്‍ പെടുത്തി കുറ്റകൃത്യം ചെയ്ത പ്രതി സംരക്ഷിക്കപ്പെടുന്നു എങ്കില്‍, അതിനാല്‍ അവര്‍ ചെയ്ത കുറ്റം നോര്‍മലൈസ് ചെയ്യപ്പെടുന്നുണ്ടെങ്കില്‍, അവര്‍ സമുഹത്തില്‍ ഒളിപ്പിക്കപ്പെട്ട് സുരക്ഷിതമാക്കപ്പെടുന്നുണ്ടെങ്കില്‍, ആ അക്രമിയുടെ മനുഷ്യാവകാശം സരക്ഷിക്കപ്പെടുന്നുണ്ട് എങ്കില്‍, പറയൂ നിയമമേ… സമൂഹമേ…. അക്രമിക്കപ്പെട്ട എന്റെ, അതായത് ഓരോ ഇരയാക്കപ്പെട്ടവരുടേയും മനുഷ്യാവകാശം എങ്ങനെയാണ് സംരക്ഷിക്കപ്പെടുന്നത്?
എനിക്കുള്ള, ഞങ്ങള്‍ക്കുള്ള നീതി എവിടെ നിയമത്തില്‍ ? ഞങ്ങളുടെ നീതിയെ നിയമം എങ്ങനെയാണ് നിര്‍വ്വചിക്കുന്നത്? മൈനര്‍ എന്ന കാറ്റഗറി എന്നു നിങ്ങള്‍ ആവര്‍ത്തിക്കുന്ന ക്രിമിനലുകളില്‍ നിന്നും ഞാന്‍ അനുഭവിച്ച, ഞങ്ങള്‍ അനുഭവിച്ച, ഇനിയും അനുഭവിക്കാനിരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ക്രൂരമായ അനുഭവങ്ങള്‍ ഇപ്രകാരം റദ്ദ് ചെയ്യപ്പെടുകയല്ലേ? എപ്രകാരമാണ് നിയമത്തിന് എന്റെ, ഞങ്ങളുടെ ആ അനുഭവങ്ങളെ റദ്ദ് ചെയ്യാനാവുക? എവിടെ ഞങ്ങള്‍ക്കുള്ള യഥാര്‍ത്ഥ നീതി? നിലവിലുള്ള നിയമത്തില്‍ ഞങ്ങള്‍ക്കുള്ള യഥാര്‍ത്ഥ നീതി പൂര്‍ണ്ണമായും ലഭ്യമാകുന്നില്ലയെങ്കില്‍ ആ നിയമങ്ങള്‍ക്ക് ഭേദഗതി വരുത്തേണ്ടതുണ്ട് എന്നുതന്നെയല്ലേ അര്‍ത്ഥം?
എനിക്കറിയാം നിങ്ങൾക്ക് ഓരോരുത്തർക്കും ഇത് എന്റെ മാത്രം പ്രശ്നമാണ്. ഇനിയും മൈനർ കാറ്റഗറിയിൽ മാത്രം ഉൾപ്പെടുന്ന ക്രിമിനലുകളാൽ ഇവിടെ റേപ്പ് ചെയ്യപ്പെടാൻ പോകുന്ന കൊല്ലപ്പെടാൻ പോകുന്ന ധാരാളം സ്ത്രീകളുടെ പ്രശ്നമാണിതെന്ന്, അതി ഭീകരമായ സാമൂഹിക വിപത്താണ് ഇതെന്ന് ഓർക്കുവാൻ പോലും താൽപര്യമില്ല നമ്മുടെ സമൂഹത്തിന് എന്നതാണ് യാഥാർഥ്യം.
ഞാൻ ഒന്ന് ഉറപ്പിച്ചു പറയട്ടെ; എനിക്ക് നീതി കിട്ടിക്കഴിഞ്ഞു. അതായത് ഞാൻ എനിക്ക് നൽകിയ നീതി. എന്നെ ആക്രമിച്ചവനെ ചവിട്ടിയൊതുക്കിയപ്പോ ഞാൻ എന്നോട് ചെയ്ത നീതി. അവനെ പൊതു സമൂഹത്തിനു വിട്ടുകൊടുത്തപ്പോ ഞാൻ എന്നോടും സമൂഹത്തോടും ചെയ്ത നീതി. അവനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ, നീതിയ്ക്കും മര്യാദയ്ക്കും വേണ്ടി പോലീസിനോട് യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നപ്പോൾ എന്നോടും നീതിതേടി പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന മറ്റുള്ളവരോടും ചെയ്യുന്ന നീതി, അവനെ അവന്റെ നാട്ടിലെങ്കിലും റേപ്പിസ്റ്റ് എന്ന് തിരിച്ചറിയിച്ചപ്പോ എന്നോടും ആ നാട്ടിലെ ഓരോ സ്ത്രീയോടും ചെയ്‌ത നീതി. എന്റെ മുഖത്തോടെ, പേരോടെ എനിക്ക് സമൂഹത്തോട് സംസാരിക്കണമെന്ന് സകലമാധ്യമങ്ങളോടും ഉറക്കെ പറഞ്ഞപ്പോൾ എന്റെ ഐഡന്റിറ്റിയോടും എന്റെ ജീവിതത്തോടും ചെയ്ത നീതി. അതെ, ഞാൻ എനിക്ക് നീതി നൽകി. എന്നാൽ ഇനിയങ്ങോട്ട് ഇവിടത്തെ നിയമത്തിലും സമൂഹത്തിലും വ്യക്തികളിലും ഉള്ള നീതിയിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ഞാൻ എനിക്ക് നൽകിയ നീതിയിൽ തല ഉയർത്തി ജീവിക്കുന്നു
Post Your Comments