ThiruvananthapuramKeralaNattuvarthaLatest NewsNews

ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ നരേന്ദ്രമോദിക്കു നോവുമോ എന്നാണ് പിണറായിയുടെ പേടി: കെ സുധാകരൻ

കോൺഗ്രസ് നേതാക്കളെ ജയിലിലടയ്ക്കാനുള്ള പിണറായിയുടെ തീരുമാനം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഏര്‍പ്പാടാണ്

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നോവുമോ എന്നാണ് പിണറായിയുടെ പേടിയെന്നും കോൺഗ്രസ് നേതാക്കളെ ജയിലിലടയ്ക്കാനുള്ള പിണറായിയുടെ തീരുമാനം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഏര്‍പ്പാടാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ജനകീയ സമരങ്ങള്‍ക്കെതിരെ കള്ളക്കേസെടുത്ത് കോണ്‍ഗ്രസിന്റെ നാവടപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് കെെയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അതു കേരളത്തില്‍ വിലപ്പോകില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

കേരളത്തിലെ പോലീസ് പിണറായിയുടെ ദാസ്യവേല ചെയ്യുകയാണെന്നും ഭരണപക്ഷത്തിരിക്കുന്നവരെ തലോടുകയും താലോലിക്കുകയും ചെയ്യുന്ന കേരള പോലീസ് പ്രതിപക്ഷത്തുള്ളവരെ അടിച്ചൊതുക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയുമാണെന്നും സുധാകരൻ ആരോപിച്ചു. പിണറായിയുടെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരേയും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരേയും കോണ്‍ഗ്രസ് വര്‍ദ്ധിത വീര്യത്തോടെ സമരരംഗത്ത് തിരിച്ചെത്തുമെന്നും വന്‍ പ്രക്ഷോഭത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.

‘രാജ്യത്തെ ജനങ്ങള്‍ അനിയന്ത്രിതമായ പെട്രോള്‍ ഡീസല്‍ വില വര്‍ധനമൂലം നിന്ന് ഉരുകുമ്പോഴാണ് കോണ്‍ഗ്രസ് ഇതിനെതിരേ സമരം നടത്തിയത്. ഏറെ നാളുകളായി നടന്നുവരുന്ന സമരത്തിന്റെ തുടര്‍ച്ചയാണിത്. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നടത്തിയ സമരമുഖത്തേക്ക് ഇരച്ചു കയറിയ സിനിമ നടന്റെ പ്രവര്‍ത്തിയും പരസ്യമായ പുലഭ്യം പറച്ചിലുമെല്ലാം ജനങ്ങള്‍ കണ്ടതാണ്. അതിനെതിരേ ചെറുവിരല്‍ പോലും അനക്കാത്ത പോലീസ് ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച നേതാക്കളെയാണ് ജയിലിലടയ്ക്കുന്നത്. നടന്റെ വിഷയം പൊക്കിപ്പിടിച്ച് പെട്രോള്‍ വില വിഷയം തമസ്‌കരിക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്’. സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button