ഇന്ന് യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതവും കാര്‍ഡിയാക് അറസ്റ്റും കൂടിവരുന്നുവെന്നാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തല്‍. ഇത് വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ഇതിനു പിന്നില്‍ മാറി വന്ന ജീവിത രീതിയും ഭക്ഷണ രീതിയുമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണറി ഹാര്‍ട്ട് ഡിസീസ് ആണ് ഹൃദയാഘാതത്തിന് പ്രധാന കാരണം. കൊറോണറി ധമനികള്‍ കൊളസ്ട്രോള്‍ അടിയുന്നതുമൂലം അടഞ്ഞുപോകുന്ന ഒരു അവസ്ഥയാണിത്.
യുവാക്കളുടെ ജീവിതരീതിയാണ് ഏറെക്കുറെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പുകവലി, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, സംസ്കരിച്ച ഭക്ഷണം കഴിക്കുക, പൊണ്ണത്തടി, സമ്മര്‍ദ്ദം എന്നിവ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി വ്യക്തമാക്കുന്നു.
പ്രമേഹം ഹൃദയാഘാത സാധ്യത കൂട്ടുന്നതായാണ് വിദഗ്ദ്ധര്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാര രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും രക്തപ്രവാഹത്തിന് കാരണമാകുകയും ചെയ്യുന്നുവെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യുവാക്കളില്‍ മാനസിക സമ്മര്‍ദ്ദവും വലിയ രീതിയില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നു. ജോലി സംബന്ധമായ ടെന്‍ഷന്‍ യുവാക്കളുടെ ആരോഗ്യത്തെ താറുമാറാക്കും.
മദ്യം, ലഹരി വസ്തുക്കള്‍, പുകവലി, പാസീവ് സ്മോക്കിങ് എന്നിവയൊക്കെ ചെറുപ്പക്കാരില്‍ ഹൃദയരോഗങ്ങള്‍ ഉടലെടുക്കാനുള്ള കാരണങ്ങളാണ്. ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലവും പിന്തുടരുക എന്നത് മാത്രമാണ് ഹൃദയാഘാതത്തില്‍ നിന്നു രക്ഷപെടാനുള്ള പ്രധാന മാര്‍ഗം. മുടങ്ങാതെയുള്ള വ്യായാമവും ഒരു പരിധി വരെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.
Post Your Comments