തൃശൂർ: തിരക്കഥാകൃത്ത് റമീസിന്റെ ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര പുസ്തകത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതായിരുന്നു റമീസ് അവകാശപ്പെട്ടത്. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചതെന്നായിരുന്നു പുസ്തക പ്രകാശനവേളയിൽ റമീസ് അവകാശപ്പെട്ടത്. എന്നാൽ, ഇതിൽ ആധികാരികത ഇല്ലെന്ന് വ്യക്തമാക്കുകയാണ് രാഷ്ട്രീയ നിരീക്ഷൻ ശങ്കു ടി ദാസ്.
വെള്ളിയാഴ്ച രാത്രി വൻ റെഫറൻസും സോഴ്സും ഒക്കെ ഉദ്ധരിച്ചുള്ള ആർഭാടമായ അപ്‌ലോഡിങ് ആയിരുന്നു ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തകത്തിന്റേത്. റഫറൻസും സോഴ്‌സും ഉദ്ധരിച്ച് കിട്ടിയ ഫോട്ടോ ആണെന്നും വിവരങ്ങൾ ആണെന്നും പരാമർശിച്ചതോടെ പലരും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ എവിടെയെന്നും ചോദിച്ചു. വാരിയംകുന്നന്റേതായി ഇങ്ങനെയൊരു ഫോട്ടോ പ്രസിദ്ധീകരിച്ച 14 ജനുവരി 1922ലെ The Guardian പത്രത്തിന്റെ ലിങ്കോ ഇ-കോപ്പിയോ ഉണ്ടോയെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ റമീസിനോട് ചോദിച്ചു. ഇതുസംബന്ധിച്ച തെളിവുകൾ ചോദിച്ചതോടെ കഥ മാറിയെന്നാണ് ശങ്കു ടി ദാസ് പറയുന്നത്.
‘തെളിവുകൾ ചോദിച്ചതോടെ ഠിം. തെളിവുമില്ല ഒരു തേങ്ങയുമില്ല. തള്ളിനാണെങ്കിൽ റെഫറൻസ് മൂല്യവുമില്ല. അങ്ങനെ ആധികാരികമല്ലെന്ന് കണ്ടു വിക്കിപീഡിയ വരെ ആ ഫോട്ടോ നീക്കം ചെയ്തു. പകരം 30/10/2021 ശനിയാഴ്ച പുതിയ ഫോട്ടോ അപ്ലോഡ് ചെയ്തു. അതിൽ വെറും വാരിയംകുന്നത്ത് എന്നായി പേര്, മുൻപ് ഉൾപ്പെടുത്തിയ സുൽത്താൻ തേഞ്ഞുമാഞ്ഞു. ഇതിന്റെ സോഴ്സ് ആയിട്ട് ‘സ്വന്തം’ എന്നാണ് ഇപ്പോഴുള്ളത്. ഫ്രഞ്ച് മാഗസിനൊക്കെ മാഞ്ഞുപോയി. ഒറ്റ രാത്രി കൊണ്ടുള്ള പരിണാമം ആണിത്. ബേസിക് ലെവലിൽ കണ്ടസ്റ്റ് ചെയ്‌താൽ വിക്കിപീഡിയയിൽ പോലും ഒരു ദിവസം തികച്ചു പിടിച്ചു നിൽക്കാത്ത ഈ ഉടായിപ്പ് ഫോട്ടോ കൊട്ടിഘോഷിച്ചാണ് ഇക്കണ്ട ആളുകളെ ഇവർ പൊട്ടൻ കളിപ്പിക്കുന്നത് എന്നോർക്കണം. എന്തായാലും അവസാനം കൊടുത്ത സോഴ്സ് നന്നായിട്ടുണ്ട്. ‘സ്വന്തം വർക്ക്’, ശങ്കു ടി ദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments