ബെംഗളൂരു : ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങിയത്.സഹോദരന്‍ ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ജയിലിന് പുറത്ത് ബിനീഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.സത്യം ജയിക്കുമെന്നു ജയിലിൽനിന്നു പുറത്തിറങ്ങിയശേഷം ബിനീഷ് പറഞ്ഞു. ഇന്ത്യയിലെ വലിയ രാഷ്ട്രീയപാര്‍ട്ടിയാണ് കേസിന് പിന്നിൽ.
ഇഡി പറഞ്ഞ പേരുകള്‍ പറയാന്‍ തയാറാകാതിരുന്നതുമൂലമാണ് ജയില്‍വാസം നീണ്ടത്. കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയനീക്കമായിരുന്നു കേസ്. കേരളത്തിലെത്തിയ ശേഷം വിശദമായി പറയുമെന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ചയാണു കർണാടക ഹൈക്കോടതി ബിനീഷിന് സോപാധിക ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപയുടെ 2 ആൾജാമ്യത്തിനു പുറമേ, അനുമതിയില്ലാതെ രാജ്യം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലും വിചാരണക്കോടതിയിലും കൃത്യമായി ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത് തുടങ്ങിയവയായിരുന്നു ഉപാധികൾ.
വെള്ളിയാഴ്ച ജാമ്യം നിൽക്കാനെത്തിയ 2 പേർ പിന്മാറിയതോടെയാണ് ബിനീഷ് കോടിയേരിയുടെ ജയിൽ മോചനം വൈകിയത്. ജാമ്യവ്യവസ്ഥകളുടെ കർശന സ്വഭാവവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിരീക്ഷണ വലയത്തിലായേക്കുമെന്ന ഭീതിയുമാണ് പിന്മാറ്റത്തിനു പിന്നിലെന്നു സൂചനയുണ്ട്. ബിനീഷിനു ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുണ്ട്.
Post Your Comments