KeralaLatest NewsNews

സ്‌പെയിനില്‍ ടൂറിസത്തിന്റെ മുഖ്യം സെക്‌സ് ടൂറിസമാണ്, കേരളത്തില്‍ സെക്സ് എന്നു പറഞ്ഞാല്‍ പൊട്ടിത്തെറി: സജി ചെറിയാന്‍

മദ്യശാല വേണ്ടാന്ന് പറയും. അതിനെതിരെ സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും.

തിരുവനന്തപുരം: സ്‌പെയിനില്‍ ടൂറിസത്തിന്റെ മുഖ്യം സെക്‌സ് ടൂറിസമാണെന്നും ഇവിടെ സെക്സ് എന്നു പറഞ്ഞാല്‍ പൊട്ടിത്തെറി സംഭവിക്കുമെന്നും സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍. മദ്യശാലയ്ക്കും ലൈംഗികതയ്ക്കും എതിരെയുള്ള കേരളത്തിന്റെ മനോഭാവത്തെ വിമര്‍ശിച്ചാണ് സജി ചെറിയാന്‍ രംഗത്ത് എത്തിയത്. സ്ത്രീ ശാക്തീകരണത്തിനായി സംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വനിതാ നാടകകളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

‘സ്‌പെയിനില്‍ 2.50 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണ്. മദ്യശാല വേണ്ടാന്ന് പറയും. അതിനെതിരെ സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ടൂറിസം ഡെസ്റ്റിനേഷനുള്ള രാജ്യമാണ് സ്‌പെയിന്‍. അവര്‍ ഹൈലൈറ്റ് ചെയ്യുന്നത് സെക്‌സ് ടൂറിസമാണ്. കേരളത്തില്‍ സെക്‌സ് എന്നു പറഞ്ഞാല്‍ വലിയ പൊട്ടിത്തെറിയാണ്.’- സജി ചെറിയാന്‍ പറഞ്ഞു.

Read Also: മർദ്ദനമേറ്റവർക്കെതിരെ കേസെടുക്കുന്നത് പുതിയ സംഭവമല്ല: സിപിഐയുടെ യുവജന സംഘടനകൾക്ക് പ്രതികരിക്കാൻ കഴിവുണ്ടെന്ന് കാനം

‘സ്‌പെയിനില്‍ ചെറുപ്പക്കാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോള്‍ ആവശ്യമുള്ളവര്‍ക്ക് കഞ്ചാവുചെടി വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതോടെ ഉപയോഗം നിലച്ചു. നിയന്ത്രിക്കുന്നതും മറച്ചുവയ്ക്കുന്നതും അപകടമെന്നു മനസ്സിലാക്കി എല്ലാം തുറന്നുകൊടുത്ത രാജ്യമാണത്. ഇവിടെ നാം എല്ലാം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലൈംഗിക വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണ്. കേരളത്തില്‍ ഇത് മഹാത്ഭുതം പോലെയാണ്. സ്ത്രീ-പുരുഷന്‍ മാത്രമാണോ, പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും.. അവരുടെ തലമുറ നിലനിര്‍ത്താന്‍ വേണ്ടി പ്രകൃതിയുടെ ഒരു നിയമമാണത്. അതിനപ്പുറത്തേക്ക് ഇതില്‍ എന്താണ് ഉള്ളത്. ലൈംഗിക വിദ്യാഭ്യാസം നമ്മുടെ നാട്ടിലുണ്ടോ? അതു പറയാനുള്ള മനസ്സുണ്ടോ?’- അദ്ദേഹം ചോദിച്ചു. ക്യാംപസിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുറേ പഠിക്കുക, കുറേ ഛര്‍ദ്ദിക്കുക, എല്ലാവരും ജയിക്കുക, ഇതുമൂലം തുടര്‍ന്നു പഠിക്കാന്‍ സീറ്റില്ല. ഇതുമൂലം പാവം ശിവന്‍കുട്ടി (മന്ത്രി) വിഷമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button