മലയാള സിനിമയിൽ വമ്പൻ സിനിമകളുമായി വിസ്മയം തീർത്ത സംവിധായകനായിരുന്നു ക്രോസ് ബെൽറ്റ് മണി. ക്രോസ് ബെൽറ്റ് എന്ന ചിത്രത്തിൻ്റെ പെരുമ തൻ്റെ പേരിനൊപ്പം ചേർത്തെടുത്ത് നടന്ന ഈ സംവിധായകൻ കാണികൾക്ക് ആവശ്യമായ ചേരുവകകളെ ചിത്രങ്ങളിൽ ചേർത്തിരുന്നു. എഴുപത് എൺപത് കാലയളവിലെ ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ കൂടിയായിരുന്നു ഇദ്ദേഹം.
പിന്നീട് ക്രോസ്ബെൽറ്റ് മണി ട്രാക്കുമാറി. ഏറെയും ആക്ഷൻ സിനിമകളാണ് സംവിധാനം ചെയ്തത്. സംഘട്ടന രംഗങ്ങൾ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കുക ഒരു ഹരമായിരുന്നു ക്രോസ്ബെൽറ്റ് മണിക്ക്. ‘ബ്ലാക്ക്മയിൽ’, ‘ പെൺപുലി’, ‘ പെൺസിംഹം’, ‘ പെൺപട’, ‘പട്ടാളം ജനകി’, ‘ ഈറ്റപ്പുലി’, ‘ റിവെഞ്ച് ‘, ‘ തിമിംഗലം’, ‘ബുള്ളറ്റ് ‘ ഉൾപ്പെടെ അനവധി ചിത്രങ്ങൾ മണിയുടെ സംവിധാന മികവ് തെളിയിച്ച ആക്ഷൻ ചിത്രങ്ങളായിരുന്നു . ചടുലമായ ആക്ഷൻ രംഗങ്ങളിലുടെ കാണികളെ ത്രസിപ്പിക്കാനാകുമെന്ന് മണിയെന്ന സംവിധായകന് അറിയാമായിരുന്നു. .ക്ലാസ് സിനിമകളൊന്നും തന്നെ ഇദ്ദേഹത്തിൻ്റെ ചലച്ചിത്ര ജീവിതത്തിൽ തയ്യാറാക്കപ്പെട്ടിട്ടില്ല. അതിസാധാരണക്കാരായ കാണികളെ രസിപ്പിക്കുന്ന ചിത്രങ്ങൾ ചെയ്യുവാനായിരുന്നു മണി എന്നും താൽപ്പര്യപ്പെട്ടിരുന്നത്. തിയറ്റർ ഇരുളിൽ കാണികളുടെ സ്വപ്ന ഭാവനകളെ പ്രലോഭിപ്പിക്കുന്ന അവതാരങ്ങളായി ജയനും നസീറും രതീഷുമുൾപ്പെടെ അനവധി താരങ്ങൾ പ്രത്യക്ഷപ്പെട്ടു.
അതേ സമയം ആക്ഷൻ സിനിമകൾക്കപ്പുറത്ത് നിൽക്കുന്ന ജനപ്രിയ സിനിമകൾ കൂടി ക്രോസ് ബെൽറ്റ് മണി ചെയ്യുവാൻ തയ്യാറായിരുന്നു. സാഹിത്യ മൂല്യമുള്ള കൃതികളെ തിരഞ്ഞെടുത്ത് അവയ്ക്ക് ദ്യശ്യഭാഷ ചമച്ചു. എൻ.എൻ പിള്ളയുടെ ‘കാലാപിക’, എസ്.കെ പൊറ്റക്കാടിന്റെ ‘നാടൻപ്രേമം’, കടവൂർ ചന്ദ്രൻപിള്ളയുടെ ‘പുത്രകാമേഷ്ടി’, ഉൾപ്പെടെയുള്ളവ ഉദാഹരണം .സാഹിത്യ മൂല്യമുള്ള കൃതികളെ സിനിമയാക്കുന്നതിനൊപ്പം തന്നെ മുൻനിര എഴുത്തുകാരെ കൂട്ടി തിരക്കഥയെഴുതിപ്പിക്കാനും മണി ഉത്സാഹിച്ചിരുന്നു. കാക്കനാടൻ തിരക്കഥ എഴുതിയ ‘വെളിച്ചം അകലെ’, കാക്കനാടനും നാഗവള്ളി ആർ.എസ് കുറുപ്പും ചേർന്നെഴുതിയ ‘നീതിപീഠം’, തോപ്പിൽ ഭാസി എഴുതിയ ‘മനുഷ്യബന്ധങ്ങൾ എന്നിവ ഉദാഹരണം
കമ്പോള സിനിമയുടെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനാകാത്ത ഒരു പേരാണ് ക്രോസ് ബെൽറ്റ് മണി എന്നത് . എൺപതുകളുടെ രണ്ടാം പാദത്തിലും തൊണ്ണൂറുകളുടെ ആദ്യ പാദത്തിലും പിറവിയെടുത്ത സൂപ്പർ താരങ്ങളുടെ പിന്നാലെ പോകാതെ തൻ്റെ സ്വതന്ത്രമായ നിലപാടുകളുമായി നിന്ന സംവിധായകൻ കൂടിയായിരുന്നു ഇദ്ദേഹം
രശ്മി അനിൽ
Post Your Comments