ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്തതിനാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി. മുല്ലപ്പരിയാറിലെ ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന് സാധിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. റവന്യൂ-ജല വകുപ്പ് മന്ത്രിമാര്‍ മുല്ലപ്പെരിയാറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
രാവിലെ 7.29 ഓടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളില്‍ ആദ്യത്തേത് തുറന്ന്. മൂന്നും നാലും സ്പില്‍വേ ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. നിലവില്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളതെങ്കിലും അറുപത് സെന്റീമീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വന്നേക്കുമെന്നാണ് സൂചന. 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.
ആദ്യം ജലമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വള്ളക്കടവില്‍ വെള്ളമെത്തി കഴിഞ്ഞു. അതേസമയം പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളമെത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. നിലവില്‍ സുരക്ഷാ മുന്‍കരുതലിന്റ ഭാഗമായി ഇടുക്കി അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments