തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കു ജാമ്യം ലഭിച്ച സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരികെ എത്തും. കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച് അടുത്ത മാസം 6,7 തീയതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കോടിയേരി വീണ്ടും ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനു മുന്‍പായി സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. ഇതോടെ വിജയരാഘവന്‍ ഇടതു കണ്‍വീനര്‍ മാത്രമാകും.
അര്‍ബുദ രോഗ ചികിത്സയ്ക്കു വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തതും പകരം എ.വിജയരാഘവനു ചുമതല നല്‍കിയതും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ അറസ്റ്റിലായത് സൃഷ്ടിച്ച പ്രതിസന്ധി കൂടി കണക്കിലെടുത്താണ് അദ്ദേഹം മാറി നിന്നത്. ഇപ്പോള്‍ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടാകുകയും ബിനീഷിന് ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോടിയേരി തിരിച്ചെത്തും. മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് അനുകൂലമാണ്. ആക്ടിങ് സെക്രട്ടറിയുടെ കീഴില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യവും ഇതോടെ മാറും. വീണ്ടും സെക്രട്ടറിയായി കോടിയേരിയെ തന്നെ തെരഞ്ഞെടുക്കുകയും ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യമാണ് കോടിയേരിയുടെ തിരിച്ചു വരവ്. നേരത്തെ തന്നെ തിരുവനന്തപുരത്തെ ഒരു പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ഒരു നേതാവിന്റെ നേത്യത്വത്തില്‍ കോടിയേരി തിരിച്ചു വരുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടത്തിരുന്നു. ഇതിനിടെ കോടിയേരിയുടെ സ്വന്തം നാടായ കണ്ണുരില്‍ നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് കോടിയേരി തിരിച്ചു വരുന്നതിനെതിരെ നീക്കം നടത്തി. ഇതോടെയാണ് ബിനീഷ് പുറത്തെത്തും വരെ ചുമതല ഏല്‍ക്കേണ്ടതില്ലെന്ന തീരുമാനം കോടിയേരി എടുത്തത്.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിന്നതോടെ വിവാദങ്ങളുടെ മൂര്‍ച്ച കുറഞ്ഞു. ഇത് തെരഞ്ഞെടുപ്പിനെ ഒരു ഘട്ടത്തിലും ബാധിച്ചിരുന്നില്ല. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ കോടിയേരി പ്രചരണ പരിപാടികളില്‍ പങ്കെടുത്തു. അതിന് ശേഷം മുന്നണി ചര്‍ച്ചയിലും ഭാഗമായി. ദേശാഭിമാനിയുടെ ചുമതലയും നല്‍കിയിരുന്നു.
കോടിയേരി വന്നേ മതിയാകൂവെന്ന തീരുമാനത്തിലാണ് പിണറായി. പാര്‍ട്ടി നേതൃത്വം വീണ്ടും പിണറായി – കോടിയേരി കോക്കസിലേക്ക് ഒതുങ്ങുന്നതില്‍ കണ്ണുരിലെ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ മാറി പഴയ പാര്‍ട്ടി സെക്രട്ടറിയെ പോലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറസാന്നിധ്യമാണ് ഇപ്പോള്‍ കോടിയേരി. മന്ത്രിസഭാ ചര്‍ച്ചയിലും മറ്റും സജീവ സാന്നിധ്യമാണ്. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതും കോടിയേരിയാണ്.
Post Your Comments