ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ ഓരോ ദിവസവും പ്രതിപക്ഷ കക്ഷികൾ വലിയ രീതിയിലുള്ള പ്രചാരണങ്ങളും സഖ്യ സാധ്യതകളുമാണ് തേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒവൈസിക്കൊപ്പമുണ്ടായിരുന്ന എസ്ബിഎസ്പി ഇത്തവണ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പമാണ്. കോണ്‍ഗ്രസ് പല പാര്‍ട്ടികളുമായും സഖ്യത്തിന് ശ്രമിച്ചുവരുന്നുണ്ട്. സഖ്യസാധ്യതകള്‍ പരീക്ഷിക്കാന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
എന്നാൽ ഇതുവരെ ഒന്നും ശരിയായില്ലെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സഖ്യമുണ്ടാക്കിയ എസ്ബിഎസ്പി ഉവൈസിയെ വിട്ട് എസ്പിക്കൊപ്പം പോയി. അതേസമയം, ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാനെത്തിയ മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി ആരുമായി സഖ്യം ചേരുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. എസ്പിയുമായുള്ള സഖ്യത്തില്‍ ചേരാന്‍ എസ്ബിഎസ്പി ഉവൈസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോട് ചോദിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് ഉവൈസി മറുപടി നല്‍കിയതത്രെ.
ഉവൈസിയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണും പറഞ്ഞിട്ടാണ് എസ്പിയുമായി സഖ്യമുണ്ടാക്കിയത് എന്ന് എസ്ബിഎസ്പി നേതാക്കള്‍ വാദിക്കുന്നു. ഇതിനിടെയാണ് പ്രതിപക്ഷത്തെ ഞെട്ടിച്ചു കൊണ്ട് ബിജെപിക്ക് ഏഴ് പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരതീയ മാനവ് സമാജ് പാര്‍ട്ടി, മുസഹര്‍ ആന്ദോളന്‍ മഞ്ച്, ശോശിത് സമാജ് പാര്‍ട്ടി, മാനവ് ഹിറ്റ് പാര്‍ട്ടി, ഭാരതീയ സുഹല്‍ദേവ് ജനതാ പാര്‍ട്ടി, പൃഥ്വിരാജ് ജനശക്തി പാര്‍ട്ടി, ഭാരതീയ സമതാ സമാജ് പാര്‍ട്ടി എന്നീ കക്ഷികളുടെ കൂട്ടായ്മയാണ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചത്.
ഇവര്‍ പിന്തുണ വ്യക്തമാക്കുന്ന കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിന് കൈമാറി. എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭാര്‍ മുന്‍കൈയ്യെടുത്ത് ചെറു കക്ഷികളുടെ കൂട്ടായ്മയായ ഭാഗിദാരി സങ്കല്‍പ്പ മോര്‍ച്ച രൂപീകരിച്ചിരുന്നു. ഇതില്‍ ഉവൈസിയും പങ്കാളിയായി. ഭീം ആര്‍മിയും എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് എസ്ബിഎസ്പി അഖിലേഷ് യാദവിന്റെ പാര്‍ട്ടിയുമായി സഖ്യനീക്കം നടത്തിയത്. ഇവര്‍ കഴിഞ്ഞ ദിവസം മാവു ജില്ലയില്‍ മഹാപഞ്ചായത്ത് നടത്തി. എസ്പി-എസ്ബിഎസ്പി നേതാക്കള്‍ റാലിയില്‍ പങ്കെടുത്തെങ്കിലും ഭാഗിദാരി സങ്കല്‍പ്പ മോര്‍ച്ചയിലെ മറ്റു പാര്‍ട്ടികളൊന്നും റാലിക്കെത്തിയില്ല.
Post Your Comments