കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇന്ന് സുപ്രീംകോടതിയില്‍ വാദിച്ചത് അണക്കെട്ടിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി. 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ നിര്‍മാണ വേളയില്‍ ഭൂചലന സാധ്യതകള്‍ കണക്കിലെടുത്തിട്ടില്ലെന്നും രണ്ട് തവണ ബലപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഡാമിന്റെ സ്ഥിതി വഷളാക്കുകയാണ് ചെയ്തതെന്നും കേരളാ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കാലപഴക്കം മൂലം മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥ ഇപ്പോള്‍ വളരെ ദുര്‍ബലമാണെന്നും ഡികമ്മിഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകുന്ന അത്യാപത്ത് ഭയാനകവും മനുഷ്യരാശിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതിനും അപ്പുറമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അഞ്ച് ജില്ലകളില്‍ താമസിക്കുന്ന 30 ലക്ഷം ആളുകളുടെ ജീവിതത്തെയും സുരക്ഷയെയും സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഭയാശങ്ക സുപ്രീംകോടതി പരിഗണിക്കണമെന്നും ആവശ്യമുന്നയിച്ചു. കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനവും പ്രദേശത്ത് ഉണ്ടാകുന്ന അതിതീവ്രമഴയുമെല്ലാം കണക്കിലെടുത്ത് നിലവിലെ ഡാം ഡികമ്മിഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി തീരുമാനമെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
അതിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നത് ഉറപ്പ് വരുത്താനും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്താനും കഴിയും.വലിയ ക്യാച്ച്‌മെന്റ് ഏരിയാ ഉണ്ടെങ്കിലും ഡാമിന്റെ സംഭരണശേഷി വളരെ കുറവാണ്. അത് വര്‍ധിപ്പിക്കുന്നത് ഡാമിന്റെ സ്ഥിതി അതീവ ഗുരുതരമാക്കും. 624 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ക്യാച്ച്‌മെന്റ് ഏരിയാ ഉള്ള ഡാമിന് വെറും 142 അടി ആണ് സംഭരണശേഷി ഉള്ളത്.
ഇന്ത്യയിലെ തന്നെ വലിയ ഡാമുകളില്‍ ഒന്നായ ഇടുക്കി ഡാം നിലവില്‍ ഫുള്‍ റിസര്‍വോയര്‍ ലെവലിനടുത്ത് ആണ് എന്നതും പെട്ടെന്ന് മുല്ലപ്പെരിയാറില്‍ നിന്ന് വലിയ തോതില്‍ വെള്ളം ഒഴുക്കിവിട്ടാല്‍ അത് ഇടുക്കി ഡാമിന്റെ താഴ്‌വാരങ്ങളില്‍ താമസിക്കുന്നവരെ ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി. ആ പ്രദേശത്ത് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും മുല്ലപ്പെരിയാര്‍ ഡാമിന്റെ സംഭരണ ശേഷി കണക്കിലെടുക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കേരളാ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇവയൊന്നും മേല്‍നോട്ടസമിതി പരിഗണിച്ചിട്ടില്ലെന്നും റൂള്‍ കേര്‍വ് പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
Post Your Comments