പാലക്കാട്: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിന് നേരെ വധശ്രമം. മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിലിന് നേരെയാണ് ഒറ്റപ്പാലത്തുവച്ച് ഇന്ന് രാവിലെ വധശ്രമം ഉണ്ടായത്. പണം തിരികെ ചോദിച്ചതിന് ചുനങ്ങാട് സ്വദേശിയായ ഉസ്‌മാൻ കാറിടിച്ച് മുഹമ്മദ് ഫാസിലിനെ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇടിയേറ്റ് കാറിന്റെ ബോണറ്റിൽ കുടുങ്ങിയ ഫാസിലിനെയും കൊണ്ട് ഉസ്‌മാൻ രണ്ട് കിലോമീറ്ററോളം കാറോടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബോണറ്റിൽ വീണുകിടക്കുന്ന ഫാസിലിനെയും കൊണ്ട് പായുന്ന കാറാണ് ദൃശ്യങ്ങളിലുളളത്.
മുഹമ്മദ് ഫാസിലിൽ നിന്നും 75,000 രൂപഉസ്‌മാൻ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകണമെന്ന് പലപ്രാവശ്യം ഫാസിൽ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. കാറിൽ വരികയായിരുന്ന ഉസ്‌മാനെ തടഞ്ഞുനിർത്തി പണം ചോദിച്ചതിന് പിന്നാലെ മുഹമ്മദ് ഫാസിലിനെ കാറുകൊണ്ട് ഇടിപ്പിക്കുകയായിരുന്നു. ഫാസിലിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു.
തന്നെ കൊലപ്പെടുത്താനായിരുന്നു ഉസ്മാന്റെ ശ്രമമെന്നും ബസ്സിന്റേയും മറ്റ് വാഹനങ്ങളുടേയും അടുത്തെത്തി കാര്‍ വെട്ടിക്കാന്‍ ശ്രമിച്ചതായും ഫൈസല്‍ പറഞ്ഞു. പലതവണ ബ്രേക്ക് പിടിച്ച് താഴെയിടാന്‍ ശ്രമിച്ചുവെന്നും തന്നെ കൊല്ലുമെന്ന് ഉസ്മാന്‍ ആക്രോശിച്ചതായും ഫൈസല്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പോലീസ് ഉസ്മാനെ കസ്റ്റഡിയിലെടുത്തു. ഉസ്മാന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ പോലീസ് മോട്ടോര്‍വാഹന വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments