തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് നിര്‍ണായക യോഗങ്ങള്‍ നടക്കും. ആദ്യ യോഗം ഇടുക്കി വണ്ടിപ്പെരിയാറില്‍ കളക്ടറുടെ അധ്യക്ഷതയിലാണ് നടക്കുന്നത്. തുടര്‍ന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന രണ്ടാമത്തെ ഉന്നതല യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും.
കളക്ടറുടെ അധ്യക്ഷതയില്‍ രാവിലെ 11ന് ആരംഭിച്ച യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാട് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കേരളം തമിഴ്‌നാടിന് കത്തയച്ചിട്ടുണ്ടെന്നും സംസ്ഥാനം ഉന്നയിച്ച പ്രശ്‌നങ്ങള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ സുപ്രീംകോടതി കേരളത്തെ വിമര്‍ശിച്ചിരുന്നു. കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണമെന്നും കോടതി അറിയിച്ചു. ജലനിരപ്പ് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുകയാണെങ്കില്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസ് നാളെ പരിഗണിക്കും.
Post Your Comments