ചെന്നൈ: മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്‍റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം. തിങ്കളാഴ്ച തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകരാണ് പൃഥ്വിരാജിന്‍റെ കോലം കത്തിച്ചത്. സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്. ആര്‍ ചക്രവര്‍ത്തി പറഞ്ഞു.
പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു. ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും വേൽമുരുകൻ ആവശ്യപ്പെട്ടു. അതേസമയം ഏതു സമയത്തും അപകടാവസ്ഥ സൃഷ്‌ടിക്കാൻ സാധ്യതയുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മുൻപും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഒറ്റക്കെട്ടായ താരങ്ങൾ ഇവിടെയും ഈ വിഷയത്തിൽ തുടക്കത്തിലേ മുന്നോട്ടു വന്നിരിക്കുകയാണ്. നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
125 വർഷം പിന്നിട്ടു നിൽക്കുന്ന അണക്കെട്ട് പരിധിയിൽ കവിഞ്ഞ് നിറഞ്ഞാൽ ഏതുനിമിഷവും കേരളത്തിലെ അഞ്ച് ജില്ലകൾക്ക് മേൽ ദുരന്തം വിതയ്ക്കാമെന്ന സ്ഥിതിയിലാണ്. എന്നാൽ തമിഴ്നാടിനു യാതൊരു കുലുക്കവും ഇല്ലെന്നു മാത്രമല്ല ജല നിരപ്പ് താഴ്ത്താൻ പോലും തയ്യാറല്ല താനും. മുല്ലപ്പെരിയാർ ഇന്ത്യയിൽ അപകടാവസ്ഥയിലുള്ള ഏക അണക്കെട്ടാണെന്ന തരത്തിൽ യുഎൻ റിപ്പോർട്ട് വന്നതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
Post Your Comments