തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കി സംഭവത്തില്‍ ശിശുക്ഷേമ സമിതിയെ വെള്ളപൂശുകയാണ് മന്ത്രി വീണാ ജോര്‍ജ്ജ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2020 ഒക്ടോബര്‍ 23ന് അമ്മത്തൊട്ടില്‍ ഇല്ല. അനുപമയുടെ അച്ഛന്‍ തന്നെ പറഞ്ഞ് കൈമാറിയതാണ് കുഞ്ഞിനെ എന്നിരിക്കെ എങ്ങനെ ഇതൊരു ഉപേക്ഷിക്കലാകുമെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം അമ്മയല്ലാതെ ആരു വന്നാലും അത് ഉപേക്ഷിക്കലാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പ്രതിപക്ഷ നേതാവിന് മറുപടി നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വകുപ്പ് അന്വേഷണം നടത്തുന്നതെന്നും വനിത ശിശുക്ഷേമ ഡയറക്ടര്‍ മൂന്നാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക് ശിശുക്ഷേമ സമിതിയിലുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്ജിന്റെ മറുപടിയെ പരിഹസിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു. പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന് പിന്തിരിപ്പന്‍ നയമാണെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയെ തിരികെ കൊടുക്കാന്‍ തീരുമാനിച്ചുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്. അതെങ്ങനെ ഒരു പാര്‍ട്ടി ജില്ല സെക്രട്ടറിക്ക് പറയാന്‍ കഴിയും. കുറ്റകൃത്യം നടത്തുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments