തിരുവനന്തപുരം: കൊക്കയാറില്‍ ദുരന്തമുണ്ടായ ആദ്യ ദിവസം ഒരു രക്ഷാപ്രവര്‍ത്തനവും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് നാലു വര്‍ഷം തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിട്ടും ദുരന്ത നിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ സംവിധാനങ്ങളിലെ അപര്യാപ്തത സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read Also : ഒന്നാം പിണറായി സര്‍ക്കാരിന്റെ കെട്ടിനിന്ന അഴുക്ക്ചാല്‍ പൊട്ടി ഒലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ പോലുമില്ലാത്ത ഏക സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണവും ദുരന്ത ലഘൂകരണവും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായി മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 2018 ലെ മഹാപ്രളയകാലത്തുള്ള അതേ ദുരന്ത നിവാരണ സംവിധാനങ്ങളാണ് ഇപ്പോഴും സംസ്ഥാനത്ത് നിലവിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, ഒറീസ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കുമ്പോഴും സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. അതോറിറ്റിയിലെ വിദഗ്ധര്‍ ദുരന്ത സമയത്ത് കേരളത്തിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2018 ലെ പ്രളയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് എന്തു രക്ഷാ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയതെന്ന് അദ്ദേഹം ചോദിച്ചു. ഒരോ ജില്ലകളിലെയും വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വികേന്ദ്രീകൃതമായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. 2009ല്‍ സെസ് പുറത്തിറക്കിയ മാപ്പിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറിറ്റി ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments