കൊച്ചി: മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ് രംഗത്ത് വന്നിരുന്നു. 125 വർഷം പഴക്കമുളള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്നുമായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഇതിനെതിരെ സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ അഖിൽ മാരാർ.
പൃഥ്വിരാജ് ഉൾപ്പെടെ ഈ സിനിമ നടന്മാർ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി തന്റെ അറിവിൽ ഇല്ലെന്നും അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തൽ ആയി കണ്ടാൽ മതി എന്നുമാണ് അഖിൽ മാരാർ തന്റെ ഫേസ്‌ബുക്കിൽ വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാർ പണിതത് ബ്രിട്ടീഷുകാരൻ ആയത് കൊണ്ട് നമുക്ക് സമാധാനമായി ഉറങ്ങാമെന്ന് പറയുന്ന അഖിൽ ഏനാത് പാലം, പലാരിവട്ടം പാലം, കെ.എസ്.ആർ.ടി.സി കോഴിക്കോട് ടെർമിനൽ തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക എല്ലാ റോഡുകളും പണിത ശേഷമുള്ള അവസ്‌ഥ ഓർമ ഉണ്ടെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് അത്യുത്തമെന്നും പരിഹസിച്ചു.
അഖിൽ മാരാരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
മുല്ലപ്പെരിയാർ വിഷയത്തെ കുറിച്ചു അഖിലേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ പൃഥ്വിരാജ് ഉൾപ്പെടെ എല്ലാവരും ക്യാമ്പയിൻ ചെയ്യുന്നല്ലോ…? കഴിഞ്ഞ2 ദിവസമായി എന്റെ ഭാര്യ ഉൾപ്പെടെ പലരും എന്നോട് ചോദിച്ച ചോദ്യമാണ്. മറുപടി..
പൃഥ്വിരാജ് ഉൾപ്പെടെ ഈ സിനിമ നടന്മാർ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവിൽ ഇല്ല. അത് കൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തൽ ആയി കണ്ടാൽ മതി. മുല്ലപ്പെരിയാറിന്റെ ബലത്തെ കുറിച്ചോ അതിന്റെ പ്ലാനിനെ കുറിച്ചോ എനിക്ക് യാതൊരു അറിവും ഇല്ല. ഒന്നറിയാം 2011 ഇൽ ഡാം തകരും എന്ന്. പി ജെ ജോസഫ് വിളിച്ചു കൂവി നടന്നപ്പോൾ ഡാം നിർമ്മിക്കാൻ 666കോടി ആണ് എസ്റ്റിമേറ്റ് ഇട്ടതെങ്കിൽ ഇന്നത് 1000 കോടി ആയി. പിന്നെ എന്റെ സിനിമയിൽ ജോജു ജോർജ് പറയുന്ന 2 ഡയലോഗുകൾ ഞാൻ മുൻകൂട്ടി എഴുതുന്നു..
നിരഞ്ജൻ : ചേട്ടാ ചുമ്മാതെ വലിയ നേതാവ് കളിക്കല്ലേ..?
ചിരിക്കുന്ന ജോജു: നേതാവോ ഞാനോ..?
എടാ മോനെ ഈ നാട്ടിൽ നേതാവ് ആവാൻ എന്ത് ചെയ്യണം..?
സംശയത്തോടെ നിരഞ്ജൻ: എന്ത് ചെയ്യണം..?
ജോജു: ഒന്നും ചെയ്യരുത്…ഒന്നും ചെയ്യിക്കാൻ സമ്മതിക്കരുത്.
മുല്ലപ്പെരിയാർ പണിതത് ബ്രിട്ടീഷുകാരൻ ആയത് കൊണ്ട് നമുക്ക് സമാധാനമായി ഉറങ്ങാം.. ഏനാത് പാലം…പലാരിവട്ടം പാലം.. Ksrtc കോഴിക്കോട് ടെർമിനൽ കേരളത്തിലെ ഒട്ടുമിക്ക എല്ലാ റോഡുകളും പണിത ശേഷമുള്ള അവസ്‌ഥ ഓർമ ഉണ്ടെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് അത്യുത്തമം..
Post Your Comments