റായ്പൂര്‍: പ്രസംഗത്തിനിടെ നേതാവിനെ തടഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് യോഗത്തിനിടെ കൂട്ടത്തല്ല്. ഛത്തീഗഢില്‍ കോണ്‍ഗ്രസ് തൊഴിലാളികളുടെ യോഗത്തിനിടെയായിരുന്നു പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. യോഗത്തില്‍ പ്രസംഗിക്കുകയായിരുന്ന ജഷ്പുര്‍ നഗരില്‍ നിന്നുള്ള മുന്‍ ജില്ലാ പ്രസിഡന്റ് പവന്‍ അഗര്‍വാളിനെ തടയാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. പവന്‍ അഗര്‍വാളിനെ തടയുന്നത് കണ്ടു നിന്ന പ്രവര്‍ത്തകര്‍ ഒന്നടങ്കം വേദിയിലേക്ക് ചാടി കയറുകയായിരുന്നു.
സംസ്ഥാന ആരോഗ്യമന്ത്രിക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു കൊടുക്കണമെന്ന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു പ്രവര്‍ത്തകരില്‍ ചിലര്‍ പവന്‍ അഗര്‍വാളിന്റെ പ്രസംഗം തടസപ്പെടുത്തിയത്. ആരോഗ്യമന്ത്രി ടിഎസ് സിംഗ് ഡിയോയും മുഖ്യമന്ത്രി ഭൂപേഷ് ബാഘേലും കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടു വരാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ബാഘേല്‍ ഡിയോയ്ക്ക് വേണ്ടി സീറ്റ് ഒഴിയണമെന്നായിരുന്നു പവന്‍ അഗര്‍വാള്‍ പറഞ്ഞത്.
പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചുമതലയുള്ള ജില്ലാ പ്രസിഡന്റ് ഇഫ്തിഖാര്‍ ഹസന്‍ ഇടപ്പെട്ടു. പവന്‍ അഗര്‍വാളില്‍ നിന്ന് മൈക്ക് തട്ടിപ്പറിക്കുകയും അദ്ദേഹത്തെ ഒരു ഭാഗത്തേക്ക് തള്ളി മാറ്റുകയും ചെയ്തു. ഇതോടെയാണ് ചില പ്രവര്‍ത്തകര്‍ പ്രകോപിതരായി കൂട്ടത്തോടെ സ്‌റ്റേജിലേക്ക് ചാടിക്കയറിയത്.
Post Your Comments