തൃശൂര്‍ : ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ തൃശ്ശൂര്‍ പട്ടണത്തില്‍ നിന്ന് 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂര്‍ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങളിലൂടെ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാം.
ഗുരുവായൂര്‍ ക്ഷേത്രത്തിന് 5,000 വര്‍ഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. പിന്നീട് ബുദ്ധക്ഷേത്രമായും മാറി. ഗുരുവായൂര്‍ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്. ഇതില്‍ കുരവൈയൂര്‍ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വര്‍ണ്ണനയും കാണാം. എങ്കിലും മേല്‍പ്പത്തൂരിന്റെ നാരായണീയം ആണ് ഗുരുവായൂര്‍ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണ സങ്കല്‍പ്പത്തില്‍ പൂജിക്കപ്പെടുന്ന ചതുര്‍ബാഹുവും ശംഖചക്ര ഗദാ പദ്മധാരിയുമായ മഹാവിഷ്ണു ഭഗവാനാണ്. പാതാളാഞ്ജനം എന്ന അത്യപൂര്‍വ്വവും വിശിഷ്ടവുമായ ശിലയില്‍ തീര്‍ത്തതാണ് ഇവിടത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു. വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും. ശ്രീകൃഷ്ണാവതാര സമയത്ത് വസുദേവര്‍ക്കും ദേവകിക്കും കാരാഗൃഹത്തി വച്ച് ദര്‍ശനം നല്‍കിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ദര്‍ശനമായി നില്‍ക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ.
Post Your Comments