ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. റോഹ്ത്തകിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുമായി നിൽക്കുന്ന ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയിൽ കുടുങ്ങിയിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിന് മുന്നിൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. രക്തമൊലിക്കുന്ന നിലയിലാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി അധികൃതരാണ് കുട്ടി ബലാത്സംഗം നേരിട്ടതായി കുടുംബത്തെ അറിയിച്ചത്. കൂലിപ്പണിക്കാരനാണ് കുട്ടിയുടെ അച്ഛൻ. അന്വേഷണത്തിൽ കുട്ടിയെ പ്രതിക്കൊപ്പം സമീപത്തെ ചന്തയിൽ വച്ച് കണ്ടതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
ഇയാൾ നേരത്തേയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് ഡൽഹി വനിതാകമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.
Post Your Comments