ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. അടുത്ത വെള്ളിയാഴ്ച വത്തിക്കാനില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അടുത്ത ആഴ്ച മോദി റോമിലെത്തും. ഉച്ചകോടിക്ക് തൊട്ടുമുമ്പായിരിക്കും കൂടിക്കാഴ്ചയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, മോദി- മാര്‍പാപ്പ കൂടിക്കാഴ്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. ഒക്ടോബര്‍ 28ന് രാത്രി പ്രധാനമന്ത്രി റോമിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. 30, 31 തീയതികളിലാണ് ജി 20 ഉച്ചകോടി. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം സംബന്ധിച്ച വിഷയങ്ങളാണ് ജി 20 ഉച്ചകോടിയുടെ പ്രധാന അജണ്ട. തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ജി 20 ഉച്ചകോടിക്ക് പിന്നാലെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയിലേയ്ക്കും പോകും.
Post Your Comments