തിരുവനന്തപുരം : പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിലിനെ സന്ദർശിച്ച് ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ. പൂനെയിലുള്ള വസതിയിലെത്തിയാണ് കുമ്മനം രാജശേഖരൻ ഗാഡ്ഗിലിനെ കണ്ടത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പാരിസ്ഥിതിക ദുർബല പ്രദേശം ഖനനത്തിനും കൊള്ളയ്ക്കും വിട്ടുകൊടുത്ത് സർക്കാർ വരും തലമുറയോട് മഹാപാപമാണ് ചെയ്യുന്നതെന്നും ഗാഡ്ഗിൽ കൂടിക്കാഴ്ചയിൽ പറഞ്ഞു. പ്രകൃതിയോട് യുദ്ധം ചെയ്തും കൊള്ള ചെയ്തും ഈ രീതി എത്ര നാൾ തുടരാനാവുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, കേരള സന്ദർശനത്തിനുള്ള ക്ഷണം ഗാഡ്ഗിൽ സ്വീകരിച്ചുവെന്നും, നാടൻ ഭക്ഷണം കഴിച്ചും പ്രകൃതി ഭംഗി കണ്ടും ഇവിടെ സമയം ചെലവഴിക്കണമെന്ന ആഗ്രഹം പങ്കുവച്ചുവെന്നും കുമ്മനം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Read Also : മനുഷ്യനാകണം, മനുഷ്യനാകണം എന്ന് കൊട്ടിഘോഷിക്കുന്നവരുടെ നേരെ വിരൽചൂണ്ടി രണ്ട് പെൺകുട്ടികൾ: നീതി ലഭിക്കുമോ?
കുറിപ്പിന്റെ പൂർണരൂപം :
ഹൃദയവ്യഥയുമായി ഗാഡ്ഗിൽ.
പാരിസ്ഥിതിക രംഗത്തെ ധർമ്മാചാര്യൻ ശ്രി മാധവ് ഗാഡ്ഗിലിനെ പൂനെയിലുള്ള വസതിയിലെത്തി സന്ദർശിക്കുകയുണ്ടായി. കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ധ്വംസനങ്ങളുടെയും നാശനഷ്ടങ്ങളുടെയും ദുരന്തങ്ങളുടെയും വേദനിപ്പിക്കുന്ന വാർത്തകൾ കേട്ട് ദു:ഖാർത്തനായി കഴിയവെയാണ് അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. ഓരോ വാക്കിലും തന്റെ ഹൃദയ വ്യഥയുടെ ഒരിക്കലും താങ്ങാനാവാത്ത പ്രതിഫലനം പ്രകടമായി. കേരളനാടിന്റെ വിരിമാറ് വെട്ടിപ്പിളർന്ന് ചുടുചോര ഊറ്റികുടിച്ചും ശ്വാസം മുട്ടിച്ചും പ്രകൃതിധ്വംസനം തുടരുന്നിടത്തോളംകാലം ദുരന്തങ്ങളും വിനാശങ്ങളും തുടർക്കഥയാവുമെന്ന തിരിച്ചറിവ് എന്നാണ് ഭരണ കർത്താക്കൾക്ക് ഉണ്ടാവുക ?
ജനമനഃസാക്ഷിയുടെ മുന്നിലേക്ക് പാരിസ്ഥിതിക ധർമ്മ ഗുരു ചോദ്യങ്ങൾ ഓരോന്നായി നിരത്തിവെച്ചു. പ്രകൃതിയെ സംരക്ഷിയ്ക്കാൻ പുതിയതായി നിയമങ്ങൾ ഒന്നും ഉണ്ടാക്കേണ്ടതില്ല. ഉള്ള നിയമങ്ങൾ നടപ്പിലാക്കിയാൽമതി. നിയമത്തെക്കുറിച്ചു ജനങ്ങൾക്കുള്ള അജ്ഞതയാണ് ഭരണാധികാരികളുടെ രക്ഷ. പാരിസ്ഥിതിക ദുർബല പ്രദേശം ഖനനത്തിനും കൊള്ളയ്ക്കും വിട്ടുകൊടുക്കുന്ന സർക്കാർ വരും തലമുറയോട് മഹാപാപമാണ് ചെയ്യുന്നത്. ഈ തലമുറ എല്ലാം അനുഭവിക്കേണ്ടിവരും. തുടർന്ന് അനുഭവിക്കാൻ വരും തലമുറ ഉണ്ടാവണമെന്നില്ല.
Read Also : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രകൃതിദുരന്തത്തിന് ആരാണ് ഉത്തരവാദി?: പി സി ജോർജിനെതിരെ സെബാസ്റ്റ്യൻ കുളത്തുങ്കൽ
പ്രകൃതിയോട് യുദ്ധം ചെയ്തും കൊള്ള ചെയ്തും ഈ രീതി എത്ര നാൾ തുടരാനാവും ?”
ധാർമ്മിക രോഷം ഗാഡ്ഗിലിന്റെ വാക്കുകളിൽ പ്രതിഫലിച്ചു. ജനങ്ങൾക്ക് അധികാരമുണ്ടെന്നും സമഗ്രവും സമൂലവുമായ പരിവർത്തനത്തിന് ജനങ്ങൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . പ്രകൃതിയെ ധ്വംസിക്കുന്ന ഒരു പ്രവർത്തനവും ജനങ്ങൾ അനുവദിച്ചുകൂടാ. അവരാണ് പ്രകൃതിയുടെ കാവലാൾ.”കേരള സന്ദര്ശനത്തിനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു! “സന്ദർശിക്കുന്നതിന് സന്തോഷമേയുള്ളൂ. നാടൻ ഭക്ഷണം കഴിച്ചും പ്രകൃതി ഭംഗി കണ്ടും കേരളത്തിൽ സമയം ചെലവഴിക്കണമെന്നുണ്ട്. ആരോഗ്യവും ചുറ്റുപാടും മെച്ചപ്പെടട്ടെ. വരാം .” സന്ദർശനം ഒരു നവ്യാനുഭവമായി. യാത്രപറഞ്ഞു പടിയിറങ്ങുമ്പോഴും കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു.
Post Your Comments