![](/wp-content/uploads/2021/10/sans-titre-40-1.jpg)
തിരുവനന്തപുരം: സിപിഎം പ്രവർത്തകരായ മാതാപിതാക്കൾ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിൽ നിരാഹാര സമരമിരിക്കുന്ന അനുപമ എസ് ചന്ദ്രനും അജിത്തിനുമെതിരെ അജിത്തിന്റെ ആദ്യഭാര്യ നസിയ രംഗത്തുവന്നതോടെ വിഷയം കൂടുതൽ ശ്രദ്ധയാകർഷിക്കുകയാണ്. വിവാഹമോചനത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും, സഹിക്കാന്‍ പറ്റാത്ത് കൊണ്ടാണ് വേര്‍പിരിഞ്ഞതെന്നും നസിയ പറഞ്ഞു.
‘അനുപമ അറിഞ്ഞു കൊണ്ടാണ് സ്വന്തം കുഞ്ഞിനെ വിട്ടുകൊടുത്തത്. ഒന്നും അറിയില്ലായിരുന്നു എന്ന് പറയുന്നത് കള്ളം. ഞാൻ അനുപമയെ കാണാൻ ആശുപത്രിയിൽ പോയിട്ടുണ്ട്. പൂർണ്ണആരോഗ്യവതിയായിരുന്നു അന്ന് അനുപമ. എന്റെ വിവാഹമോചനത്തിന് പിന്നിലും അനുപമ തന്നെയാണ്. അനുപമയുടെ വീട്ടില്‍ചെന്ന് സംസാരിച്ചിരുന്നു. പരാതി നല്‍കാനോ തന്നെ സഹായിക്കാനോ ആരും ഉണ്ടായിരുന്നില്ല. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പാര്‍ട്ടി സഹായിക്കാമെന്ന് പറഞ്ഞിരുന്നു. വിവാഹ ബന്ധം വേര്‍പിരിയാന്‍ അനുപമയുടെ പിതാവ് തന്നെ വിളിച്ചിരുന്നു. ആരുടെയും സമ്മര്‍ദ്ദ പ്രകാരമല്ല ഇപ്പോൾ ഈ പ്രതികരണം’, നസിയ വ്യക്തമാക്കുന്നു.
Also Read:അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം,കശ്മീര്‍ കനത്ത സുരക്ഷാവലയത്തില്‍
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വനിത കമ്മീഷന് കേസെടുത്ത് റിപ്പോർട്ട് തേടിയിരിക്കുന്നതിനിടെയാണ് അനുപമ സമരം ആരംഭിച്ചത്. പ്രസവിച്ച് മൂന്നാം നാള് മാതാപിതാക്കള്‍ എടുത്ത് മാറ്റിയ തന്റെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ദത്ത് നല്‍കിയെന്നാണ് അനുപമയുടെ ആരോപണം. ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണെന്നും കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്നും അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചു.
കുഞ്ഞിനെ ദത്തു നല്കിയ കേസില്‍ അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും. ഇവർ ആദ്യം നൽകിയ മൊഴികളിൽ പൊരുത്തക്കേടെന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ വേർപ്പെടുത്തിയ വിഷയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും പാർട്ടി നേതാക്കളെയും അറിയിച്ചിരുന്നുവെന്ന് പി കെ ശ്രീമതി ഇന്നലെ ന്യൂസ് അവറിൽ വെളിപ്പെടുത്തിയിരുന്നു. അനുപമയ്ക്ക് നീതി ലഭ്യമാക്കുന്നതിലുള്ള ശ്രമങ്ങളിൽ താൻ പരാജയപ്പെട്ടെന്നും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പറഞ്ഞു.
Post Your Comments