കോട്ടയം: കാലംതെറ്റിയുള്ള മഴയില്‍ മലയോരമേഖലകളില്‍ മഴവിസ്ഫോടനവും ഉരുളുപൊട്ടലും അടിക്കടി നാശം വിതയ്ക്കുമ്പോള് അഞ്ചു ജില്ലകളിലെ ജനങ്ങള്‍ ഭീതിയോടെയാണ് മുല്ലപ്പെരിയാറിനെ നോക്കിക്കാണുന്നത്. മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് 2006ല്‍ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ 2014ല്‍ സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍ നിര്‍ണായകമായ ആറു വ്യവസ്ഥകള്‍ തമിഴ്നാട് നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നഗ്നമായ കരാര്‍ ലംഘനമാണ് തമിഴ്നാടിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.
ഇതു സംബന്ധിച്ചു കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിനു മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി നല്കിയ മറുപടിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളൊന്നും തമിഴ്നാട് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നു വ്യക്തമാകുന്നത്. അതേസമയം ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണെന്ന പഠനറിപ്പോര്‍ട്ടും മുന്നിലുണ്ടെങ്കിലും സര്‍ക്കാരില്‍നിന്നും രാഷ്ട്രീയ നേതാക്കളില്‍നിന്നും മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് അനുകൂലനിലപാട് ഉണ്ടാകുന്നില്ല.
സ്വകാര്യസംഘടനകളും വ്യക്തികളും ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോകുന്നുവെങ്കിലും സര്‍ക്കാരില്‍നിന്നും ഒരു പിന്തുണയും ഇവര്‍ക്കു ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. 142 അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ അനുവദനീയമായ ജലനിരപ്പ്. ഇത് 152 അടിയായി ഉയര്‍ത്തണമെന്നാണ് തമിഴ്നാടിന്റെ വാദം. 2018 ല്‍ കേരളത്തില്‍ വന്‍ പ്രളയം ഉണ്ടാവുകയും ഡാമുകളെല്ലാം തുറന്നു വിടുകയും ചെയ്തപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശിയായ അഡ്വ. റസല്‍ ജോയ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
അതുപ്രകാരം അന്ന് ജലനിരപ്പ് 139 അടിയായി കുറയ്ക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഏതൊരു കരാറിന്റെയും ലംഘനം പ്രസ്തുത കരാര്‍ റദ്ദാക്കാന്‍ എതിര് കക്ഷിക്ക് അവകാശം നല്‍കുന്നതാണ്. കേരളം ഭരിച്ച വിവിധ സര്‍ക്കാരുകള്‍ ഇതുവരെ തുടര്‍ന്നുവന്ന അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടാല്‍ തമിഴ്നാടുമായുള്ള 999 വര്‍ഷത്തെ പാട്ടക്കരാര്‍ റദ്ദാക്കാനാകുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡാമിന്റെ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തെ കേടുപാടുകള്‍ അടിയന്തരമായി പരിഹരിക്കണം, വെള്ളം ഒലിച്ചു പോകുന്നതിനുള്ള ഓവുചാലുകള്‍(സ്വീപ്പേജുകള്‍) മാലിന്യങ്ങള്‍ അടിഞ്ഞു കൂടാതെ വൃത്തിയാക്കണം, ഭൂകന്പ ആഘാതങ്ങള്‍ ഉള്‍പ്പെടെയുള്ള ചലനങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ആധുനിക യന്ത്ര സാമഗ്രികള്‍ കൃത്യമായി സ്ഥാപിക്കണം, അണക്കെട്ടിന്റെ ചുവട്ടില്‍നിന്ന് യഥാകാലം അരിച്ചിറങ്ങുന്ന വെള്ളത്തിന്റെ അളവ് നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യണം, ഭൂചലനങ്ങള്‍ ഡാമിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം, ഡാമിന്റെ വെള്ളമുള്ള ഭാഗം സിമന്റും മറ്റ് രാസപദാര്‍ഥങ്ങളും ചേര്‍ത്ത് നിലവില്‍ ഡാം തകരാത്ത രീതിയില്‍ ബലിഷ്ഠമാക്കി നിലനിര്‍ത്തണം എന്നീ നിര്‍ദേശങ്ങളാണ് സുപ്രീംകോടതി നല്‍കിയിരുന്നത്.
ഇവയ്ക്കു പുറമേ ഉത്തരവിന്റെ 214-ാം ഖണ്ഡികയില്‍ മറ്റൊരു സുപ്രധാന നിര്‍ദേശവും സുപ്രീംകോടതി മുന്നോട്ടുവച്ചിരുന്നു.അടിയന്തര സാഹചര്യത്തില്‍ വളരെ പെട്ടെന്നു ജലം ഒഴുക്കിക്കൊണ്ടു പോകുന്നതിനുള്ള ടണലുകള്‍ ഡാമുകളുടെ അടിഭാഗത്ത് നിര്‍മിക്കണമെന്ന് രാജ്യത്തെ എല്ലാ ജല സംഭരണികളും നിര്‍ബന്ധമായും പാലിക്കേണ്ട മാര്‍ഗനിര്‍ദേശം നിഷ്കര്‍ഷിക്കുന്നു.മുല്ലപ്പെരിയാര്‍ ഡാമിന്റെ അടിഭാഗത്തുനിന്ന് 106 അടി ഉയരത്തിലാണ് നിലവില്‍ ടണലുകളുള്ളത്. ഇത് 50 അടി താഴ്ചയിലാക്കി പുതിയ ടണല്‍ നിര്‍മിക്കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കണമെന്നും 2014 ലെ ഉത്തരവില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നാളിതുവരെ ആയിട്ടും തമിഴ്നാട് സര്‍ക്കാര്‍ മേല്‍ നിര്‍ദേശങ്ങളില്‍ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തെന്നും 152 അടിയിലേക്ക് ജല സംഭരണം എന്ന് ഉയര്‍ത്തുന്നുവോ അന്ന് ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നും ആയതിനാല്‍ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നില്ലെന്നുമാണ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ചെയര്മാന് ഗുല്‍ഷന്‍ രാജിനു വേണ്ടി നല്കിയ മറുപടിയിലുള്ളത്.
Post Your Comments