
തിരുവനന്തപുരം: പ്രവാസി മലയാളി അനിത പുല്ലയിലിനെതിരെ മൊഴി നൽകി പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ. അനിതയുടെ മൊഴി ക്രൈംബ്രാഞ്ച് എടുത്തതിനു പിന്നാലെയാണ് മോൻസന്റെ വെളിപ്പെടുത്തലും പുറത്തുവരുന്നത്. അനിതയുടെ അടുത്ത ബന്ധമാണുള്ളതെന്നും അനിതയുടെ സഹോദരിയുടെ വിവാഹത്തിനു താൻ 18 ലക്ഷം രൂപ നൽകിയിരുന്നുവെന്നും മോൻസൻ വ്യക്തമാക്കി.
നേരത്തെ, അനിതയ്‌ക്കെതിരെ മുൻ ഡ്രൈവർ അജി വെളിപ്പെടുത്തിയിരുന്നു. മോൻസന്‍റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം മോൻസന്‍റെ വീട്ടിൽ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടിൽ താമസിച്ച അനിതയോട് അന്നത്തെ മാനേജർ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്. ഇതിനു പിന്നാലെ മോൻസന്റെ വെളിപ്പെടുത്തൽ കൂടെ പുറത്തുവരുമ്പോൾ അനിതയ്ക്ക് കുരുക്ക് മുറുകുമോയെന്നാണ് അന്വേഷണ സംഘം ഉറ്റുനോക്കുന്നത്.
വീഡിയോ കോള്‍ വഴിയാണ് ഇന്ന് അനിത തന്റെ മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസന്‍റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ വെളിപ്പെടുത്തിയിരുന്നു.
Post Your Comments