കോഴിക്കോട് : സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിന്‍വലിച്ചതിന് പിന്നാലെ ഹോട്ടലുകളിലെ ഭക്ഷണ നിലവാരം സംബന്ധിച്ച പരാതികളും ഉയരുന്നു. നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്നംഗ കുടുംബം ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലാണ്. മുബാറക് അഹമ്മദ് എന്ന വ്യക്തിയാണ് ചേവായൂരിലെ സ്വകാര്യ ഹോട്ടലിൽനിന്നും ഷവർമ വാങ്ങിയത്. അമ്മയും ഭാര്യയുമടക്കം വീട്ടിൽവച്ച് ഷവർമ്മ കഴിച്ചു. അർദ്ധരാത്രി മുതൽ മൂന്നുപേർക്കും അസ്വസ്ഥതകൾ തുടങ്ങിയതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധന പേരിന് മാത്രമാണ് നടക്കുന്നതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. മാസത്തിലൊരിക്കൽ ഹോട്ടലുകളിലെ ഭക്ഷണ നിലവാരം ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധിക്കാറുണ്ട്. എന്നാൽ ഈ പരിശോധന കൃത്യമായി നടത്താത്തത് അധികൃതരുടെ വീഴ്ചയാണെന്നും പരാതികളിൽ പറയുന്നു.
കോവിഡ് കാലത്ത് നേരിട്ട് ഹോട്ടലുകളിൽ പോകാൻ മടിക്കുന്ന പലരും ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാറാണ് പതിവ്. ഓർഡർ ചെയ്‌തെത്തുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന കാര്യം പരാതിപ്പെട്ടാലും യാതൊരു നടപടിയും ഉണ്ടാകാറില്ലെന്നും ഉപഭോക്താക്കൾ പറയുന്നു. അതേസമയം, മുൻ പരിചയം ഇല്ലാത്ത പലരും കോവിഡ് കാലത്ത് ഹോട്ടൽ നടത്താൻ ആരംഭിച്ചതാണ് ഭക്ഷണ നിലവാരം സംബന്ധിച്ച പരാതികൾ വർധിക്കാൻ ഇടയാക്കിയതെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പറഞ്ഞു.
Post Your Comments