തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങൾക്ക് സി-വിജിൽ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറിൽ/ ആപ്പ് സ്റ്റോറിൽ cVIGIL എന്ന് സെർച്ച് ചെയ്താൽ ആപ്പ് ലഭ്യമാവും.
ക്യാമറയും മികച്ച ഇന്റർനെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള ഏത് സ്മാർട്ട് ഫോണിലും സി-വിജിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.
പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയിൽപ്പെട്ടാൽ പരാതികാരന് ആപ്പ് വഴി ചിത്രം അല്ലെങ്കിൽ വീഡിയോ എടുത്ത് നൽകി പരാതി രജിസ്റ്റർ ചെയ്യാം. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയാ ശേഖരിക്കപ്പെടും. ബന്ധപ്പെട്ട ജില്ലാ കൺട്രോൾ റൂമിലേക്കാണ് പരാതി നേരിട്ട് അയക്കുക. ആപ്പ് ഉപയോഗിച്ച് എടുക്കുന്ന ലൈവ് ഫോട്ടോ/വീഡിയോ മാത്രമേ അയക്കാൻ കഴിയൂ. ഏത് സ്ഥലത്തുനിന്നാണ് ഫോട്ടോ/വീഡിയോ എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാൽ ഈ ഡിജിറ്റൽ തെളിവ് ഉപയോഗിച്ച് സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാനാവും. ഫോൺ നമ്പർ, ഒ.ടി.പി, വ്യക്തിവിവരങ്ങൾ നൽകി പരാതി സമർപ്പിക്കുന്നയാൾക്ക് തുടർനടപടികൾ അറിയാൻ ഒരു സവിശേഷ ഐ.ഡി ലഭിക്കും. പരാതിക്കാരൻ തിരിച്ചറിയപ്പെടാതെ പരാതി നൽകാനുള്ള സംവിധാനവും ആപ്പിലുണ്ട്. എന്നാൽ, ഇങ്ങനെ പരാതി നൽകുന്നയാൾക്ക് പരാതിയുടെ തുടർവിവരങ്ങൾ ആപ്പ് വഴി അറിയാൻ സാധ്യമല്ല.
പരാതി ജില്ലാ കൺട്രോൾ റൂമിൽ ലഭിച്ചാൽ അത് ഫീൽഡ് യൂണിറ്റിന് കൈമാറും. ഫീൽഡ് യൂനിറ്റിൽ ഫ്ളെയിങ് സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവെയ്ലൻസ് ടീമുകൾ എന്നിവയുണ്ടാവും. ഫീൽഡ് യൂണിറ്റിന് പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്ത് നേരിട്ട് സ്ഥലത്ത് എത്താൻ കഴിയും. ഫീൽഡ് യൂനിറ്റ് സ്ഥലത്തെത്തി നടപടി എടുത്ത ശേഷം തുടർതീരുമാനത്തിനും തീർപ്പിനുമായി ഇൻവെസ്റ്റിഗേറ്റർ ആപ്പ് വഴി റിപ്പോർട്ട് നൽകും. ജില്ലാതലത്തിൽ തീർപ്പാക്കാൻ കഴിയാതെവന്നാൽ വിവരങ്ങൾ തുടർനടപടികൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷനൽ ഗ്രീവൻസ് പോർട്ടലിലേക്ക് അയയ്ക്കും. 100 മിനിറ്റിനകം പരാതി നൽകിയയാൾക്ക് വിവരം നൽകുകയും ചെയ്യും.
സി-വിജിലിൽ ഫോട്ടോ/വീഡിയോ എടുത്ത ശേഷം അപ്ലോഡ് ചെയ്യാൻ അഞ്ച് മിനിറ്റ് മാത്രമേ ലഭിക്കൂ. നേരത്തെ റെക്കോഡ് ചെയ്ത ഫോട്ടോ/വീഡിയോ ആപ്പിൽ അപ്ലോഡ് ചെയ്യാനാവില്ല. ആപ്പിലെടുത്ത ഫോട്ടോ/വീഡിയോ ഫോൺ ഗാലറിയിൽ നേരിട്ട് സേവ് ചെയ്യാനും കഴിയില്ല.തുടർച്ചയായി ഒരേ സ്ഥലത്തു നിന്ന് ഒരേ പരാതികൾ നൽകുന്നത് ഒഴിവാക്കാനും സംവിധാനമുണ്ട്.
Post Your Comments