തിരുവനന്തപുരം: മാതാപിതാക്കള്‍ക്ക് തന്‍റെ കുഞ്ഞിനെ കടത്തുന്നതിന് ശിശുക്ഷേമസമിതി കൂട്ടുനിന്നെന്ന് ആരോപിച്ച് അമ്മ. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ഷിജു ഖാനെതിരെയാണ് കുഞ്ഞിന്റെ മാതാവ് പേരൂര്‍ക്കട സ്വദേശിനിയായ അനുപമ രംഗത്ത് വന്നിട്ടുള്ളത്. നിലവില്‍ പേരൂര്‍ക്കട പോലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കി.
സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചത് നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണെന്നും പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളാണ് ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറയുന്നതെന്നും അനുപമ ആരോപിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് ഏപ്രിലില്‍ ശിശുക്ഷേമ സമിതിയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ പറയുന്നു.
മാതാപിതാക്കൾ തന്റെ കുഞ്ഞിനെ മാറ്റിയതായി ആരോപിച്ച് അനുപമ നൽകിയ പരാതിയിൽ വനിതാ കമ്മിഷന്‍ കേസെടുത്തു. വിഷയത്തില്‍ ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി, തിരുവനന്തപുരത്ത് അടുത്തമാസം നടക്കുന്ന സിറ്റിങ്ങില്‍ കക്ഷികളെ വിളിച്ചുവരുത്തും.
ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റും വിവാഹിതനുമായ അജിത്തുമായുള്ള പ്രണയത്തെത്തുടർന്നാണ് അനുപമ ഗർഭിണിയായത്. അജിത്തുമായുള്ള ബന്ധം അനുപമയുടെ വീട്ടുകാർ എതിർത്തു. പ്രസവിച്ച് മൂന്നാംനാൾ വീട്ടുകാർ കുഞ്ഞിനെ കൊണ്ടുപോയശേഷം തിരികെ കിട്ടിയിട്ടില്ലെന്നും, കുട്ടിയെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് അനുപമ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയായിരുന്നു. പിന്നീട് വിവാഹമോചനം നേടിയ അജിത്തിനൊപ്പമാണ് മാർച്ച് മുതൽ അനുപമയുടെ താമസം.
Post Your Comments