Latest NewsInternational

ബംഗ്ളാദേശിൽ 2013 മുതല്‍ നടന്നത് 3600 ലേറെ ആക്രമണങ്ങള്‍: ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്നത് ക്രൂര വേട്ട

അഫ്ഗാനിസ്താനും പാകിസ്താനും സമാനമായി ന്യൂനപക്ഷങ്ങളെ മത നിന്ദ ആരോപിച്ച്‌ വധിക്കുന്നതും മറ്റൊരു കാരണമാണ്.

ധാക്ക: ബംഗ്ലാദേശ് മുനുഷ്യാവകാശ സംഘടനയായ എയിന്‍ സലിഷ് കേന്ദ്രയുടെ റിപ്പോര്‍ട്ട് പ്രകാരം 2013 മുതല്‍ 3600 ആക്രമണങ്ങളാണ് ന്യൂനപക്ഷങ്ങൾക്കു നേരെ രാജ്യത്ത് നടന്നത്. മൊത്തം ജനസംഖ്യയില്‍ 8.5 ശതമാനമാണ് ഹിന്ദു വിഭാഗം. 90 ശതമാനവും മുസ്ലിം വിഭാഗക്കാരാണ്. ക്രിസ്ത്യന്‍, ബുദ്ധ വിഭാഗവും രാജ്യത്തുണ്ട്. കഴിഞ്ഞ ദശകങ്ങള്‍ക്കുള്ളില്‍ ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത് കണക്കുകളില്‍ കാണാം. 1980 കളില്‍ 13.5 ശതമാനമായിരുന്നു ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ.

1940 കളില്‍ മേഖലയിലെ 30 ശതമാനവും ഹിന്ദു വിഭാഗമായിരുന്നു. ന്യൂനപക്ഷങ്ങളുടെ എണ്ണം കുറയുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമം മൂലം ഇവർ മതം മാറുകയോ നാട് വിടുകയോ ചെയ്യുന്നതാണ് . രാജ്യത്തെ ആക്രമണങ്ങളില്‍ നിന്നും രക്ഷതേടിയും ജോലി തേടിയും മറ്റും വലിയൊരു വിഭാഗം വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറുന്നു. അഫ്ഗാനിസ്താനും പാകിസ്താനും സമാനമായി ന്യൂനപക്ഷങ്ങളെ മത നിന്ദ ആരോപിച്ച്‌ വധിക്കുന്നതും മറ്റൊരു കാരണമാണ്.

ബംഗ്ലാദേശ് എന്ന രാജ്യം രൂപീകൃതമാവുമ്പോള്‍ മതേതര ഭരണഘടനയായിരുന്നു രാജ്യത്തിന്. 1970 ഭരണഘടനയില്‍ വരുത്തിയ അഞ്ചാമത്തെ ഭേദഗതിയിലൂടെ മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് മാറ്റി. 1980 ല്‍ രാജ്യത്തെ സ്‌റ്റേറ്റ് റിലീജിയന്‍ ആയി ഇസ്ലാം മതത്തെ അവരോധിച്ചു. അതേസമയം 2010 രാജ്യത്ത ഹൈക്കോര്‍ട്ട് വിധിയില്‍ രാജ്യത്ത് എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം ഒരു പോലെയുണ്ടെന്ന് പറയുന്നു. എന്നാല്‍ മതേതരത്വത്തിന് ഭരണഘടനയില്‍ പ്രധാന്യമില്ലാത്തത് രാജ്യത്ത് ഭൂരിപക്ഷ വാദവും തീവ്രവാദവും ശക്തിപ്പെടാനിടയാക്കി.

ഭരണപാര്‍ട്ടിയായ അവാമി ലീഗ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നു എന്ന് പറയുമ്പോഴും രാജ്യത്ത് മത ശക്തികളുമായി പലഘട്ടത്തിലും സമരസപ്പെടേണ്ടി വരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജമാ അത്തെ ഇസ്ലാമിയാണ് രാജ്യത്തെ രണ്ടാമത്തെ പ്രമുഖ പാര്‍ട്ടി. ഇവര്‍ വര്‍ഗീയ വിഭജനത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സംഭവമുള്‍പ്പെടെ രാജ്യത്തെ പല വര്‍ഗീയ സംഘര്‍ഷങ്ങളിലും ജമാ അത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നാണ് ആരോപണം.

ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജാ ദിനത്തോടനുബന്ധിച്ചുണ്ടായ വര്‍ഗീയ അതിക്രമത്തില്‍ ഇതുവരെ ആറുപേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 450 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 71 കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്.

ന്യൂനപക്ഷത്തിനെതിരെ നടത്തിയ ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വ്യക്തമാക്കിയത്. ആക്രമണത്തെ ഹസീനയുടെ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നുമുണ്ട്. എന്നാല്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഭൂരിപക്ഷ ആക്രമണത്തിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇപ്പോഴത്തെ സംഘര്‍ഷമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button