
അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇ. എച്ച്എസ്ബിസിയുടെ പതിനാലാമത് വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ പഠനത്തിലാണ് യുഎഇ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. നേരത്തെയുണ്ടായിരുന്നതിൽ നിന്ന് 10 സ്ഥാനം കൂടി മെച്ചപ്പെടുത്തിയിരിക്കുകയാണ് യുഎഇ. സ്വിറ്റ്സർലന്റാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയ പട്ടികയിൽ രണ്ടാം സ്ഥാനവും ന്യൂസീലൻഡ് മൂന്നാം സ്ഥാനവും നേടി.
വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 20,000 പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും അടുത്ത 12 മാസത്തിനുള്ളിൽ തങ്ങളുടെ ജീവിതം കൂടുതൽ സാധാരണ നിലയിലാവുമെന്നും സ്ഥിരതയുള്ളതാവുമെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വരുമാനത്തിലെ വർദ്ധനവ്, കരിയർ വളർച്ച, ജീവിത നിലാവാരത്തിലെ മെച്ചം എന്നിവയാണ് ഏറ്റവുമധികം പ്രവാസികളെ യുഎഇയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ. പ്രവാസികളെ കൂടുതൽ കാലം യുഎഇയിൽ തുടരാൻ പ്രേരിപ്പിക്കുന്നത് യുഎഇയിലെ ജീവിത നിലവാരമാണ്. സ്വന്തം രാജ്യത്ത് തുടരുന്നതിനേക്കാൾ ജീവിത നിലവാരം യുഎഇയിൽ മെച്ചപ്പെട്ടതായി സർവ്വേയിൽ പങ്കെടുത്ത 86 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം പട്ടികയിൽ ബഹ്റൈൻ എട്ടാം സ്ഥാനവും ഖത്തർ പത്താം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
Post Your Comments