അബുദാബി: വാഹനാപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട മലയാളി വനിതയ്ക്ക് 24.47 ലക്ഷം രൂപ (1.20 ലക്ഷം ദിർഹം) നഷ്ടപരിഹാരം നൽകി അബുദാബി കോടതി. കൊല്ലം ലക്ഷ്മിനട സ്വദേശി പൊന്നമ്മയ്ക്കാണ് കോടതി നഷ്ടപരിഹാരം നൽകിയത്. അബുദാബിയിൽ വീട്ടുജോലിക്കാരിയായിരുന്ന പൊന്നമ്മയ്ക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യവെയാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ പൊന്നമ്മയുടെ വലതു കൈക്ക് പരിക്കേൽക്കുകയായിരുന്നു. 2019 നവംബറിലാണ് സംഭവം.
ചികിത്സയ്ക്കു ശേഷം ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഇവർ നിത്യവൃത്തിക്കുപോലും പണമില്ലാതെ ഇവർ ദുരിതത്തിലായിരുന്നു. ഇവരെ സഹായിക്കാനായി ചിലർ രംഗത്ത് എത്തിയെങ്കിലും കോടതിയിൽ കെട്ടിവയ്ക്കാനുള്ള തുക നൽകാനില്ലാത്തതിനാൽ ഇടയ്ക്കുവച്ച് അവർ പിന്മാറുകയായിരുന്നു.
പൊന്നമ്മയുടെ ദുരിതത്തെ കുറിച്ച് മനസിലാക്കിയ സാമൂഹിക പ്രവർത്തകൻ നസീം പെരുമ്പാവൂരാണ് പിന്നീട് ഇവരെ സഹായത്തിനെത്തിയത്. അഡ്വ. അബ്ദുൽ അസീസ് അൽ ആമരി അഡ്വക്കറ്റസ് ആൻഡ് ലീഗൽ കൺസൽട്ടൻസിലെ അഭിഭാഷകൻ ബൽറാം ശങ്കർ മുഖേന നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇൻഷുറൻസ് അതോറിറ്റി ഇവർക്കു 20,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചു. പിന്നീട് നഷ്ടപരിഹാരം പോരെന്ന് ചൂണ്ടിക്കാട്ടി ഇവർ പ്രാഥമിക കോടതിയെ സമീപിച്ചു. 1.2 ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധിച്ചത്. ഇൻഷൂറൻസ് കമ്പനി അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും പ്രാഥമിക കോടതി വിധി ശരിവെച്ചു. തുക പൊന്നമ്മയുടെ അക്കൗണ്ടിലേക്കു കൈമാറിയെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments