ദുബായ്: യുഎഇയിൽ ജനന സർട്ടിഫിക്കറ്റ് ഇനി വാട്ട്‌സ് ആപ്പിലൂടെയും ലഭിക്കും. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും വാട്ട്‌സ് ആപ്പിലൂടെ തങ്ങളുടെ കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കും. ഒക്ടോബർ 17 ന് ആരംഭിച്ച ഗിറ്റെക്‌സ് ഗ്ലോബലിലാണ് ഈ സ്മാർട്ട് സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
നൂതന സംവിധാനങ്ങളും അന്തർദേശീയ മികച്ച രീതികളും അടിസ്ഥാനമാക്കിയുള്ള സുഗമവും ലളിതവുമായ രീതി ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നത് എളുപ്പമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വാട്ട്‌സ് ആപ്പിലൂടെ ജനന സർട്ടിഫിക്കറ്റുകൾ നൽകുന്നത് ഉപഭോക്താക്കൾക്ക് വളരെ പ്രയോജനപ്രദമാണെന്നാണ് വിലയിരുത്തൽ.
ഉപഭോക്താക്കൾക്ക് മറ്റ് സേവനങ്ങളെ കുറിച്ചുള്ള സംശയങ്ങളെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചുമെല്ലാം വാട്ട്‌സ് ആപ്പിലൂടെ ചോദിക്കാനുള്ള സംവിധാനവുമുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ ഏകീകരിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിക്കാനുള്ള ശ്രമങ്ങളും മന്ത്രാലയം നടത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Post Your Comments