ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയിലെ കൊലപാതകത്തിന് പിന്നില്‍ മതപരമായ വിഷയമാണെന്ന് അക്രമികള്‍ വ്യക്തമാക്കുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക പ്രതിഷേധവുമായി സംഭവത്തെ കൂട്ടിക്കുഴയ്ക്കുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. സിംഘു അതിര്‍ത്തിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസരിക്കുകയായിരുന്നു അദ്ദേഹം.
മതപരമായ വിഷയമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് നിഹാംഗുകള്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ പ്രതിഷേധസമരവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് രാകേഷ് ടികായത് പറഞ്ഞു. നിഹാംഗുകളോട് സമരത്തില്‍ തുടരേണ്ടതില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മറിച്ചായാല്‍ സര്‍ക്കാര്‍ നിലവിലെ അന്തരീക്ഷം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചനയാണ് നടപ്പിലാകുന്നതെന്നും ടികായത് ആരോപിച്ചു.
കഴിഞ്ഞ ദിവസം കര്‍ഷക പ്രതിഷേധം നടക്കുന്ന സിംഘു അതിര്‍ത്തിയിലായിരുന്നു സംഭവം. സിഖ് മതഗ്രന്ഥം നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് 35 കാരനായ പഞ്ചാബ് തരണ്‍താരണ്‍ സ്വദേശി ലക്ബീര്‍ സിംഗിന്റെ കൈപ്പത്തി വെട്ടിമാറ്റിയ ശേഷം തലകീഴായി കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് നിഹാംഗുകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സോനിപ്പട്ട് കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് രാകേഷ് ടികായതിന്റെ പ്രതികരണം. ഭഗവത് സിംഗ്, ഗോവിന്ദ് സിംഗ്, സരവ് ജീത് സിംഗ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.
Post Your Comments