കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ കൂടി മരിച്ചതായി സംശയം. മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാരുടെ നിരീക്ഷണം. അതിനാൽ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഇതേതുടർന്ന് ഒരാൾ കൂടി ഈ ഭാഗത്ത് മണ്ണിനടിയിൽപ്പെട്ടതായ സംശയം ഉയരുകയായിരുന്നു.
ഉരുൾപ്പൊട്ടലിൽ പ്ലാപ്പള്ളി മേഖലയിൽ നാല് പേരാണ് മരിച്ചതെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. സോണിയ (46 ) , അലൻ (12), പന്തലാട്ടിൽ സരസമ്മ മോഹനൻ (58 ), റോഷ്‌നി (50 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അലന്റെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉണ്ടായിട്ടുള്ളത്.
മതദേഹങ്ങളിൽ കല്ലും മറ്റും വീണ് ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ മണ്ണിനടിയിൽ നിന്നും കണ്ടെടുത്ത് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്കായി എത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് 12 വയസുകാരന്റെ മൃതദേഹത്തിന് ഒപ്പമുള്ള കാല് മുതിർന്ന വ്യക്തിയുടേതാണെന്ന് ഡോക്ടർമാരുടെ സംഘം കണ്ടെത്തുന്നത്.
Post Your Comments