ജനപ്രിയ നായകൻമാരുടെ താരനിരയിൽ സ്വന്തമായൊരിടം നേടാൻ അത്യദ്ധ്വാനം ചെയ്യേണ്ടി വന്ന നടൻ എന്ന നിലയിലാണ് പൃഥിരാജിൻ്റെ വളർച്ചയെ കണ്ടെടുക്കുവാൻ കഴിയുന്നത്. അച്ഛൻ്റെ താരമൂല്യത്തിൻ്റെ ബാധ്യതകളും പേറിയല്ല പൃഥിരാജ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് എന്നത് ആദ്യത്തെ ചിത്രങ്ങളായ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി ,നന്ദനം ,സ്റ്റോപ് വയലൻസ് ഉൾപ്പെടെയുള്ളവ തെളിയിക്കുന്നു.
മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ജയറാം ദിലീപ് എന്നിവർ പ്രബലരായി നിന്ന കാലയളവിൽ യൂത്ത് സ്റ്റാറായി പൃഥി മാറിയത് വ്യക്തമായ വാണിജ്യ വിജയത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു .കാഴ്ചയോടും നാട്ടുരാജാവിനോടും വെട്ടത്തോടും മൽസരിച്ച് സത്യം നേടിയ വിജയമൊക്കെ ഇവിടെ സ്മരണീയമാണ്.
ധിക്കാരിയും നിഷേധിയുമായിരുന്ന പിതാവ് സുകുമാരൻ്റെ അതേ പന്ഥാവിലൂടെത്തന്നെയായിരുന്നു പൃഥിയുടെയും യാത്ര എന്നത് കേവലം അതിശയോക്തിപരമായിരുന്നില്ലെന്ന് പൃഥിരാജിനെ കേന്ദ്രികരിച്ച് സൃഷ്ടിക്കപ്പെട്ട വിവാദ വ്യവസായങ്ങൾ തെളിയിക്കുന്നു. പൃഥി രാജപ്പൻ എന്ന പേരിൽ പ്രചരിച്ച കഥകളും വീഡിയോകളും ഈ നടനെ തളർത്തുകയല്ല മറിച്ച് കൂടുതൽ കരുത്തുറ്റവനാക്കി മാറ്റുകയായിരുന്നു.
നന്ദനം, അത്ഭുതദ്വീപ്, തലപ്പാവ്, അൻവർ, വാസ്തവം, പോലീസ്, അനന്തഭദ്രം, ചോക്കലേറ്റ്, കങ്കാരു, ലോലിപോപ്പ്, ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ്, അനാർക്കലി, പാവാട, എസ്ര, ഡാർവിന്റെ പരിണാമം, മുംബൈ പോലീസ്, മെമ്മറീസ്, നയൻ, ടിയാൻ, രണം, അയ്യപ്പനും കോശിയും , ഡ്രൈവിംഗ് ലൈസൻസ്, കോൾഡ് കേസ്, കുരുതി, ഭ്രമം വരെ എത്തി നിൽക്കുന്ന പൃഥ്വിയുടെ അഭിനയജീവിതത്തിൽ എണ്ണം പറഞ്ഞ കഥാപാത്രങ്ങളുണ്ട്.
ഒരിക്കൽ തനിക്ക് വേണ്ടി മാറ്റിവെച്ച പല റോളുകളും മറ്റുപലര്‍ക്കുമായി വഴി തെറ്റി പോവുന്നത് അറിഞ്ഞ, സുകുമാരന്‍ സൗഹൃദം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഷാജികൈലാസിനോട് ഒരു ഡയലോഗ് പറഞ്ഞു. ‘അതേടോ, എന്റെ മക്കളുടെ ഡേറ്റിനായി ഒരിക്കല്‍ മലയാളസിനിമ കാത്തിരിക്കേണ്ടിവരും.’ അന്ന് അതുകേട്ട് ചിരിച്ച സിനിമാ ലോകത്തിനു ആ ഡയലോഗ് അക്ഷരം പ്രതി ശരിവയ്ക്കുന്ന കാഴ്ചയാണ് കാലം പിന്നീട് കാട്ടിത്തന്നത്.
എന്റെ മക്കളുടെ ഡേറ്റിനായി മലയാളസിനിമ ഒരിക്കല്‍ ‘എന്റെ വീട്ടുപടിക്കല്‍ ക്യൂ നില്‍ക്കും. നീ നോക്കിക്കോ…’ സുകുമാരന്റെ ഈ വാക്കുകൾ സത്യമായതിന്റെ തെളിവാണ് 24 വയസ്സില്‍ മികച്ച നടനുള്ള സംസ്ഥാനപുരസ്‌ക്കാരം സ്വന്തമാക്കി കോളിവുഡും ബോളിവുഡും കീഴടക്കി തുടര്‍ച്ചയായി ബോക്‌സ് ഓഫീസ് വിജയങ്ങൾ കുറിച്ച് കൊണ്ടുള്ള പൃഥിരാജിന്റെ മുന്നേറ്റം. അഹങ്കാരിയായി മുദ്രകുത്തപ്പെട്ടവൻ അടുത്ത ഒരു ഘട്ടത്തിൽ സൂപ്പർ താരമായി അംഗീകരിക്കപ്പെട്ടു.
കേവലം ഒരു സൂപ്പർ താരം എന്ന നിലയിൽ സൃഷ്ടിക്കപ്പെട്ട പൊതുബോധങ്ങളെ എപ്പോഴും പിളർത്തുന്ന വ്യക്തി എന്ന നിലയിൽ പൃഥിയെ പരിഗണിക്കുന്നതാണ് ഏറ്റവും സത്യസന്ധ്യമായ നിലപാട്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയ്ക്കൊപ്പം സഞ്ചരിക്കുകയും അഭിനേതാവ് എന്നതിനു പുറത്തേക്ക് നിർമ്മാണത്തിലും സംവിധാനത്തിലും ആധികാരികമായി ഇടപെടുകയും ചെയ്തു എന്നത് പൃഥിയുടെ നേട്ടമാണ്. കോമ്പ്രമൈസുകൾക്കു വഴങ്ങി സുഹൃദങ്ങളെ താലോലിച്ച് അലമ്പൻ മസാലക്കൂട്ട് ചിത്രങ്ങളുടെ ഭാഗമായി മാറുന്ന രീതിയല്ല മറിച്ച് തനിക്ക് ഇഷ്ടപ്പെടുന്ന സിനിമകളെ മാത്രം തിരഞ്ഞെടുത്ത് അവയുടെ ഭാഗമായി മാറുന്ന രീതി ശാസ്ത്രമാണ് പൃഥി പിന്തുടരുന്നത്.
മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു ചിത്രo 200 കോടി ക്ലബ്ബിൽ കയറുന്നത് പൃഥി സംവിധാനം ചെയ്ത ലൂസിഫറായിരുന്നു. മോഹൻലാലെന്ന സൂപ്പർ താരത്തെ നായകനാക്കി, കമ്പോള സിനിമ പറഞ്ഞു പഴകിയൊരു പ്രമേയത്തെ മികവുറ്റതാക്കിയെടുത്തത് പൃഥി എന്ന സംവിധായകൻ്റെ പ്രതിഭയായിരുന്നു. മലയാള സിനിമയെ ഇൻറർ നാഷണൽ ലെവലിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും ഈ താരത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.
സത്യസന്ധമായ നിലപാടുകളിലൂടെ ,അഭിപ്രായങ്ങളിലൂടെ നില കൊള്ളുന്ന പൃഥിയുടെ കരിയറിൽ വിജയങ്ങളും പരാജയങ്ങളുമുണ്ട്. വഴുവഴുത്ത ഡിപ്ലോമസികളാൽ കാണികളെ ഡ്ഢികളാക്കുന്ന സൂപ്പർ താരങ്ങളുടെ പതിവ് രീതി ശാസ്ത്രങ്ങളിൽ നിന്ന് വേർപെട്ടു നിൽക്കുന്ന പൃഥി അതു കൊണ്ടു തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന താരമല്ലതായി മാറുന്നു. കാണികളുടെ ഹർഷാരവങ്ങളെ തൃപ്തിപ്പെടുത്തുകയല്ല മറിച്ച് സത്യസന്ധമായ നിലപാടുകളെ ഉറപ്പിക്കുവാനാണ് പൃഥി നിലകൊള്ളുന്നത്.
സൂപ്പർ താര ചിത്രങ്ങളുടെ നിലവാരമില്ലായ്മയെക്കുറിച്ചുള്ള വിമർശനങ്ങൾ, സ്വന്തം ചിത്രങ്ങളുടെ പരാജയം ഏറ്റെടുക്കൽ ,നടി ആക്രമിക്കപ്പെട്ട കേസിൽ ഇരയ്ക്കൊപ്പം നിൽക്കൽ, എന്നു തുടങ്ങി അനവധി കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനാകും. ഏറ്റവുമൊടുവിൽ നായക പദവിയിൽ നിൽക്കുമ്പോൾ തന്നെ പ്രതിനായകനായി [കുരുതി – ലായിഖ് ] അഭിനയിക്കുവാനും തയ്യാറായതും ശ്രദ്ധേയം. സമീപകാലത്ത് സോഷ്യൽ മീഡിയ ,സത്യസന്ധമായ നിലപാടുകളുടെ പേരിൽ ടൊവിനോ തോമസിനെ ആഘോഷിക്കുമ്പോൾ വിസ്മരിക്കപ്പെടുന്നത് പൂർവ്വ മാതൃകയായ പൃഥിരാജിനെയാണ്.
രശ്മി അനിൽ
Post Your Comments