ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ പത്തുമാസത്തിലേറെയായി കർഷകരെന്ന ഭാവേന സമരം ചെയ്യുന്ന ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ 35കാരനായ ദളിത് യുവാവിനെ കൈപ്പത്തിയും കാലും വിച്ഛേദിച്ച് കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയതിൽ പ്രതിഷേധം ശക്തം. പഞ്ചാബിലെ ചീമാഗ്രാമ നിവാസിയായ ലഖ്ബീര്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്.
മതഗ്രന്ഥത്തെ അപമാനിച്ചതിന്റെ പേരിലാണ് കൃത്യം നടത്തിയതെന്ന് കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത സിക്ക് നിഹാംഗുകള്‍ പ്രഖ്യാപിച്ചു. രണ്ടുപേരെ ഹരിയാന പൊലീസ് അറസ്റ്റു ചെയ്തു. ഹരിയാനയിലെ കുണ്ഡ്ലി ജില്ലയിലുള്ള സമരവേദിയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് പൊലീസ് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡിന്‍മേല്‍ ഇടതു കൈപ്പത്തിയും ഒരു കാലും വിച്ഛേദിച്ച് വികൃതമാക്കിയ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്. താഴെ രക്തം തളം കെട്ടിനിന്നിരുന്നു.
പരമ്പരാഗത നീലവസ്ത്രമണിഞ്ഞ് കുന്തമേന്തിയ സിക്ക് യോദ്ധാക്കളായ നിഹാംഗുകള്‍ യുവാവിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചു. വിശുദ്ധഗ്രന്ഥമായ ‘സര്‍ബലോഹ ഗ്രന്ഥ’ ത്തെ അപമാനിച്ചതിനുള്ള ശിക്ഷയാണെന്ന് ദൃശ്യങ്ങളിലുള്ളവര്‍ വിളിച്ചു പറയുന്നത് കേള്‍ക്കാം.
മൂന്നുദിവസം മുമ്പ് സിംഘുവിലെത്തിയ ലഖ്ബീര്‍ സിംഗ്, സമരവേദിയില്‍ സിക്ക് കര്‍ഷകര്‍ക്കൊപ്പമാണ് കഴിഞ്ഞത്. പുലര്‍ച്ചെ മൂന്നിന് പ്രാര്‍ത്ഥനാ സമയത്ത് കൈയില്‍ ‘സര്‍ബലോഹ ഗ്രന്ഥ’വുമായി കണ്ട യുവാവിനെ ചോദ്യം ചെയ്തെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടിയെന്നും കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത നിഹാംഗ് നിര്‍വയര്‍ ഖല്‍സ-ഉദ്നാ ദള്‍ വിഭാഗം അറിയിച്ചു. മതഗ്രന്ഥത്തെ അപമാനിക്കുന്നവര്‍ക്ക് തങ്ങള്‍ ശിക്ഷ നല്‍കാറാണ് പതിവെന്നും ഇവര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നുണ്ട്.
കൂലിവേലക്കാരനായിരുന്ന ലഖ്ബീറിന് ഭാര്യയും 8, 10, 12 വയസുള്ള മൂന്ന് കുട്ടികളുമുണ്ട്. ദേശീയ പട്ടികജാതി കമ്മിഷന് ഹരിയാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. അതേസമയം സംഭവത്തിൽ കൈകഴുകി സമരക്കാർ രംഗത്തെത്തി. കര്‍ഷകസമരത്തെ സംഭവവുമായി ബന്ധിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. മതപരമായ വിഷയങ്ങളില്‍ കിസാന്‍ മോര്‍ച്ചയെ വലിച്ചിഴയ്ക്കരുതെന്ന് കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു.
Post Your Comments