തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രസ്താവനയും അതിനോടു കലഹിച്ച് പാര്‍ട്ടി എം.എല്‍.എ.മാര്‍ തന്നെ രംഗത്തുവന്നതും വിവാദമില്ലാതെ തീര്‍ക്കാന്‍ ഒരുങ്ങി സി.പി.എം. മന്ത്രിയും എം.എല്‍.എ.മാരും രണ്ടുതട്ടിലാണെന്ന പ്രതീതി ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ വേണമെന്ന നിര്‍ദേശമാണ് നേതാക്കള്‍ നല്‍കിയത്. റിയാസിന്റെ വിശദീകരണത്തോടെ വിവാദങ്ങള്‍ തീര്‍ക്കാനുള്ള ശ്രമമാണ് പാര്‍ട്ടിയുടേത്.
കരാറുകാരുടെ വക്കാലത്തുമായി എം.എല്‍.എ.മാര്‍ മന്ത്രിയെ കാണാനെത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് റിയാസ് ഒക്ടോബര്‍ ഏഴിന് നിയമസഭയില്‍ നടത്തിയ പരാമര്‍ശമാണ് പാര്‍ട്ടിയിലെത്തന്നെ എം.എല്‍.എ.മാരെ ചൊടിപ്പിച്ചത്. തുടര്‍ന്ന്, 12-നു നടന്ന സി.പി.എം. നിയസഭാകക്ഷി യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായ എ.എന്‍. ഷംസീര്‍ ഇതിനെതിരേ രംഗത്തുവന്നു. എതിര്‍പ്പ് കടുപ്പിച്ചില്ലെങ്കിലും മറ്റുചില എം.എല്‍.എ.മാരും ഇതിനോടു യോജിച്ചതായാണു വിവരങ്ങള്‍ ലഭിക്കുന്നത് .
ഏതായാലും വിമര്‍ശനത്തില്‍ സിപിഎമ്മിനുള്ളില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീര്‍ ഒറ്റപ്പെടുകയാണ്. സഭയില്‍ അവകാശ ലംഘനത്തിന് പ്രതിപക്ഷ നല്‍കിയ നോട്ടീസിനോട് ഷംസീര്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം. സര്‍ക്കാരിന്റെ ഊര്‍ജസ്വലതയ്ക്കു മങ്ങലേല്‍പിക്കാനുള്ള ചില മാധ്യമങ്ങളുടെ ഉദ്ദേശ്യം മനസ്സിലാകുമെന്നായിരുന്നു വിവാദം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ മറുപടി.
പാര്‍ട്ടിയുടെ പൊതുനിലപാട് ഷംസീറിനു മനസ്സിലായിട്ടില്ലേ എന്നു ചോദിച്ചപ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നായിരുന്നു മറുപടി. ഡിവൈഎഫ്‌ഐയിലും നിയമസഭയിലും സീനിയറായ ഷംസീര്‍ മന്ത്രിസഭയിലെത്താന്‍ സാധ്യത ഉണ്ടെന്നു കരുതിയിരിക്കെയാണ് കോഴിക്കോട്ട് നിന്നു റിയാസ് ഇടംപിടിച്ചത്. റിയാസിന്റെ ശൈലിയോട് യോജിക്കാത്ത ചില എംഎല്‍എമാരുടെ വികാരമാണ് ഷംസീറിലൂടെ പുറത്തുവന്നതെതെന്നു കരുതുന്നവരുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭര്‍ത്താവാണ് റിയാസ്. ഇതിനൊപ്പം ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റും. പി ജയരാജനേയും കെകെ ശൈലജയേയും പോലെ തിരുത്തല്‍ ശക്തിയാകാനുള്ള ഷംസീറിന്റെ നീക്കങ്ങള്‍ പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്. അടുത്ത സംസ്ഥാന സമിതി യോഗം ഈ വിഷയം ചര്‍ച്ച ചെയ്യും. ഷംസീറിനെ ശാസിക്കാനും സാധ്യത ഏറെയാണ്. കൈവിട്ട കളികള്‍ കളിക്കരുതെന്ന മുന്നറിയിപ്പും നല്‍കും. ശാസന പരസ്യമാക്കാനും സാധ്യതയില്ല.
Post Your Comments