
തിരുവനന്തപുരം: ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വിവാദവേദിയായി യൂണിവേഴ്സിറ്റി കോളേജ്. യൂണിവേഴ്സിറ്റി കോളേജിൽ കോണ്‍ഗ്രസ് നേതാക്കളുടെ ഗാന്ധി സ്മൃതി യാത്ര തടഞ്ഞ് എസ്‌എഫ്‌ഐ നടത്തിയ കയ്യാങ്കളി ആണ് വിവാദത്തിലെത്തിയത്. കയ്യാങ്കളിയില്‍ പല നേതാക്കൾക്കും പരിക്കേറ്റു. ഗാന്ധി സ്മൃതി യാത്രയുമായി ഗാന്ധി നട്ട മാവ് തേടി യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. പയ്യന്നൂരില്‍നിന്ന് ഒക്ടോബര്‍ രണ്ടിനാണ് ‘ബാപ്പുജിയുടെ കാല്‍പ്പാടുകളിലൂടെ’ എന്ന ഗാന്ധിസ്മൃതിയാത്ര ആരംഭിച്ചത്.
യൂണിവേഴ്സിറ്റി കോളേജില്‍ ഗാന്ധിജി നട്ട മാവിന്റെ ചുവട്ടില്‍ അനുസ്മരണപരിപാടി നടത്താനാണ് ഇവര്‍ എത്തിയത്. എന്നാല്‍, കോളേജിന് മുന്നില്‍ വെച്ച് എസ്‌എഫ്‌ഐക്കാര്‍ ജാഥ തടഞ്ഞു. കോളേജിനുള്ളില്‍ പരിപാടി നടത്താനനുവദിക്കില്ലെന്നു പറഞ്ഞ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇവരെ തള്ളി പുറത്താക്കുകയായിരുന്നു. കോളേജിനു മുന്നില്‍വെച്ച് ജാഥാ ക്യാപ്റ്റനും മുന്മന്ത്രിയുമായ വി സി. കബീര്‍, ജാഥാംഗങ്ങളായ മുന്‍ എംഎല്‍എ. കെ.എ. ചന്ദ്രന്‍, കമ്പറ നാരായണന്‍, അച്യുതന്‍ നായര്‍, ലീലാമ്മ ഐസക്, വഞ്ചിയൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ പ്രവര്‍ത്തകര്‍ പിടിച്ചുതള്ളി.
ഇതില്‍ പ്രതിഷേധിച്ചപ്പോൾ സത്യാഗ്രഹമിരുന്ന നേതാക്കളെ ആക്രമിച്ചതായും ഗാന്ധിജിയുടെ ഛായാചിത്രത്തിന്റെ ചില്ലുതകര്‍ത്തതായും നേതാക്കള്‍ ആരോപിച്ചു. ഇതേത്തുടന്ന് വി സി. കബീറിന്റെ നേതൃത്വത്തില്‍ ജാഥാംഗങ്ങള്‍ കോളേജിനു മുന്നില്‍ സത്യാഗ്രഹമിരുന്ന് ഗാന്ധിചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഇതോടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പുറത്തെത്തി ഇവരുമായി വക്കേറ്റത്തിലേര്‍പ്പെട്ടു. ഉന്തും തള്ളുമുണ്ടായി.
പൊലീസെത്തി ജാഥാ അംഗങ്ങളെ എ.ആര്‍. ക്യാമ്പിലേക്കു മാറ്റി. എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ നടപടി നാടിന് അപമാനമാണെന്ന് വി സി. കബീര്‍ പിന്നീട് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments