മുംബയ്: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 20 ന് കോടതി വിധി പറയും. ആര്യന്‍ ഖാന്‍ റിമാന്‍ഡില്‍ തുടരും. കോടതിയില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയെ എന്‍സിബി ശക്തമായി എതിര്‍ത്തു. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ലഹരികടത്തുമായി ബന്ധമുണ്ടെന്നും എന്‍സിബി വാദിച്ചു.
പ്രതികളുടെ വാട്സ്‌ആപ്പ് ചാറ്റുകളില്‍ നിന്ന് ഇതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഇവര്‍ക്ക് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യാപേക്ഷയെ എതിർത്ത് എന്‍സിബി പറഞ്ഞു. പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവര്‍ എന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും ഇവരെക്കുറിച്ച് കൂടതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും എന്‍സിബി കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, വാട്സാപ്പ് ചാറ്റുകള്‍ ദുര്‍ബലമായ തെളിവുകള്‍ ആണെന്നും ആര്യന്‍ ഖാന് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തത് കോടതി പരിഗണിക്കണമെന്നും അഭിഭാഷകന്‍ അമിത് ദേശായി വാദിച്ചു. ‘ഇത് തികച്ചും ജാമ്യം അനുവദിക്കാവുന്ന ഒരു കേസാണ്. ജാമ്യം നിഷേധിക്കുന്നതിലൂടെ ഒരു യുവാവിന്‍റെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കരുത്. അന്വേഷണത്തിന് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന നിബന്ധനയോടെ കോടതിക്ക് ജാമ്യം അനുവദിക്കാവുന്നതാണ്’. അമിത് ദേശായി വാദിച്ചു.
കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന വാദം നടക്കുന്ന ഘട്ടമല്ല ഇതെന്നും ജാമ്യം അനുവദിക്കണമെന്ന വാദം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും ആര്യൻ ഖാനുവേണ്ടി അഭിഭാഷകന്‍ വാദിച്ചു.
Post Your Comments