കോഴിക്കോട്: മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് ജനകീയമാക്കിയ കലാകാരന്‍ വി.എം കുട്ടി (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം പുളിക്കലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
1935 ഏപ്രില്‍ 16ന് കൊണ്ടോട്ടിക്കടുത്ത ആലുങ്ങലില്‍ ഉണ്ണീന്‍ മുസ്‌ലിയാരുടെയും ഉമ്മാച്ചുക്കുട്ടിയുടെയും മകനായി ജനിച്ച അദ്ദേഹം ഗാനരചയിതാവ്, സംഗീതജ്ഞന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍, ചിത്രകാരന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. വടക്കുംകര മുഹമ്മദ് കുട്ടി എന്ന വി.എം. കുട്ടി ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു.
മൈലാഞ്ചി, പതിനാലാം രാവ്, ഉല്‍പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം, 1921, മാര്‍ക്ക് ആന്റണി അടക്കം എട്ടോളം സിനിമകളില്‍ പാടിയ അദ്ദേഹം മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എം.എന്‍. കാരശ്ശേരിയുമായി ചേര്‍ന്ന് മാപ്പിളപ്പാട്ടിന്റെ ലോകം എന്ന കൃതി രചിച്ചിട്ടുണ്ട്. മാപ്പിള കലാരംഗത്തെ സമഗ്ര സംഭാവനക്ക് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
1957ല്‍ കൊളത്തൂരിലെ എ.എം.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി ജോലിക്ക് കയറിയ അദ്ദേഹം 1985ല്‍ അധ്യാപനരംഗത്ത് നിന്ന് വിരമിച്ചു. 1954ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ട് കലാരംഗത്തേയ്ക്ക് എത്തിയ അദ്ദേഹം പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയില്‍ പ്രസിദ്ധനായി. 1957ല്‍ സ്വന്തം ഗ്രൂപ്പ് തുടങ്ങിയ വി.എം. കുട്ടി നാട്ടിലും വിദേശത്തുമായി നൂറുകണക്കിന് വേദികളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചു. ഭാര്യ: ആമിനക്കുട്ടി.
Post Your Comments