മുംബൈ : അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇതിനായി ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. എന്നാൽ, കോൺഗ്രസ് പോലെയുള്ള വലിയ പാർട്ടികളുമായി ഇനി സഖ്യത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘സാഹചര്യങ്ങൾക്കനുസരിച്ചാണ് സഖ്യങ്ങൾ ഉണ്ടാകുന്നത്. വലിയ പാർട്ടികളുമായി സഖ്യം രൂപീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ അത്ര നല്ലതായിരുന്നില്ല. ബിജെപിയെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്’ – അഖിലേഷ് പറഞ്ഞു.
Read Also : അമ്മയെ കൊലപ്പെടുത്തിയതിന് അച്ഛനെ ശിക്ഷയ്ക്ക് വിധിക്കുമ്പോള്‍ ഒന്നുമറിയാതെ രണ്ടര വയസ്സുകാരന്‍
പാർട്ടിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പെയ്‌നും കാൺപൂരിൽ വച്ച് അഖിലേഷ് യാദവ് തുടക്കം കുറിച്ചു. വിജയരഥ് എന്ന് പേരിട്ടിരിക്കുന്ന ഈ യാത്രയിലൂടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് ബിജെപിയെ തൂത്തെറിയും, ഗംഗാദേവിയേയും ബിജെപി ചതിച്ചെന്നും അഖിലേഷ് ആരോപിച്ചു.
അതേസമയം, 2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയത്. എസ്പി 47 സീറ്റും, ബിഎസ്പി 19 സീറ്റും കോൺഗ്രസ് ഏഴ് സീറ്റിലുമാണ് വിജയിച്ചത്.
Post Your Comments