വാഷിംഗ്ടണ്‍ : അമേരിക്കയുമായി അടുത്ത ബന്ധമാണ് ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയ്ക്ക് ഉള്ളത്. അമേരിക്കയില്‍ മാറി മാറി വരുന്ന പ്രസിഡന്റുമാര്‍ സൗദിയുമായി നല്ല ബന്ധമാണ് നിലനിര്‍ത്തിയിരുന്നത്. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തതിനു ശേഷം 2017 ലാണ് സൗദിയിലെത്തിയത്. സന്ദര്‍ശന വേളയില്‍ ട്രംപിന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൊടുക്കാനും സൗദി രാജകുടുംബം മറന്നില്ല.
എന്നാല്‍ ട്രംപ് സൗദിയിലെത്തിയ വേളയില്‍ നല്‍കിയ സമ്മാനങ്ങളില്‍ പലതും വ്യാജമായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. സൗദി രാജകുടുംബം ട്രംപിന് മേലങ്കിയും വാളും കഠാരയുമെല്ലാം സമ്മാനമായി നല്‍കിയിരുന്നു. പുലിയുടെ രോമം കൊണ്ട് തയ്യാറാക്കിയ മേലങ്കി സമ്മാനമായി നല്‍കിയത് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
സൗദി രാജകുടുംബത്തിന്റെ ഈ സമ്മാനങ്ങളെല്ലാം വ്യാജമാണെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് വെളിപ്പെടുത്തിയത്. തന്റെ ഭരണകാലത്ത് സൗദിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നു. ഇറാനെ ഒതുക്കണമെങ്കില്‍ അമേരിക്കക്ക് സൗദിയുടെ സഹായം ആവശ്യമായിരുന്നു. ഇറാനെ ഒതുക്കുക എന്ന കാര്യത്തില്‍ സൗദിക്കും അമേരിക്കയ്ക്കും ഒരേ നിലപാടാണുണ്ടായിരുന്നത്. ട്രംപിന്റെ പശ്ചിമേഷ്യന്‍ ലക്ഷ്യങ്ങളിലേക്കുള്ള ഒരു മികച്ച മാര്‍ഗമായിരുന്നു സൗദി. അതുകൊണ്ടു തന്നെ പ്രസിഡന്റായ ശേഷം ട്രംപ് നേരെ സൗദിയിലേക്ക് പുറപ്പെടുകയും ചെയ്തു.
നാല് വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രംപ് സൗദിയില്‍ നിന്ന് ലഭിച്ച ഈ സമ്മാനങ്ങളുടെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. അധികാരം ഒഴിയുന്നതിന്റെ അവസാന ദിവസം എല്ലാ സമ്മാനങ്ങളും വൈറ്റ് ഹൗസില്‍ നിന്ന് ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷനിലേക്ക് കൈമാറി. ശേഷം യുഎസ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് ഇവയെല്ലാം വിശദമായി പരിശോധിച്ചു. അപ്പോഴാണ് സമ്മാനങ്ങള്‍ വ്യാജമാണെന്ന വിവരങ്ങള്‍ ലഭിച്ചതെന്ന് ആഭ്യന്തര വകുപ്പ് വക്താവ് ടൈലര്‍ ചെറി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
1973ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ പരിസ്ഥിതി സംരക്ഷണ നിയമം ഉയര്‍ത്തി കാണിച്ച് പുലിയുടെ രോമം കൊണ്ടുണ്ടാക്കിയ മേലങ്കി, ആനക്കൊമ്പിന്റെ പിടിയുള്ള കഠാര എന്നിവയെല്ലാം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മൃഗസ്നേഹികള്‍ വിവാദമാക്കിയിരുന്നു.
ന്യൂയോര്‍ക്ക് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ട് അമേരിക്കയെ പോലെ തന്നെ സൗദി ഭരണകൂടത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. നല്‍കിയ സമ്മാനങ്ങളെല്ലാം വ്യാജമാണ് എന്ന സത്യം സൗദി ഭരണകൂടത്തിന് നേരത്തെ അറിവുണ്ടോ എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ സൗദിയെ പോലുള്ള സമ്പന്നമായ ഒരു രാജ്യത്തിന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നതില്‍ ക്രമക്കേടുകള്‍ കാണിക്കേണ്ട ഒരു ആവശ്യവുമില്ല. 82 സമ്മാനങ്ങളാണ് ട്രംപിന് നല്‍കിയതെന്ന് നേരത്തെ സൗദി രാജകുടുംബാംഗങ്ങള്‍ സൂചിപ്പിച്ചിരുന്നു.
Post Your Comments