മധ്യപ്രദേശ്: ഗ്വാളിയോറില്‍ നര്‍ത്തകനാകാന്‍ ആഗ്രഹിച്ച പതിനാറുകാരന്‍ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്തു. തന്റെ ആഗ്രഹത്തിന് ഒപ്പം നില്‍ക്കാന്‍ വീട്ടുകാരോ സുഹൃത്തുക്കളോ തയ്യാറാകാത്തതില്‍ മനംനൊന്തായിരുന്നു പതിനാറുകാരന്റെ ആത്മഹത്യ. അതേസമയം മൃതദേഹത്തിന്റെ സമീപത്ത് നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളതാണ് ആത്മഹത്യ കുറിപ്പെന്ന് പൊലീസ് പറഞ്ഞു. ഒരു സംഗീത വീഡിയോ നിര്‍മ്മിക്കാനുള്ള തന്റെ അവസാന ആഗ്രഹം സാധിച്ചു തരണമെന്നാണ് പതിനാറുകാരന്‍ ആത്മഹത്യ കുറിപ്പിലൂടെ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരന്‍ ഞായറാഴ്ച രാത്രിയോടെയാണ് റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്തത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.
നര്‍ത്തകനാകാനുള്ള തന്റെ ആഗ്രഹത്തെ കുടുംബവും സുഹൃത്തുക്കളും പിന്തുണയ്ക്കുന്നില്ലെന്നും തനിക്ക് നല്ല നര്‍ത്തകനാകാന്‍ കഴിയില്ലെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അതേസമയം തന്റെ മരണശേഷം ഒരു സംഗീത വീഡിയോ നിര്‍മ്മിക്കണമെന്നും അതില്‍ അര്‍ജിത് സിംഗ് ഒരു ഗാനം ആലപിക്കണമെന്നും നേപ്പാള്‍ കലാകാരനായ സുശാന്ത് ഖാത്രി നൃത്തം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ തന്റെ ആത്മാവിന് ശാന്തി കിട്ടുമെന്നും തന്റെ അവസാന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments