കൊച്ചി: മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പേരിലും മോൻസൻ മാവുങ്കൽ നടത്തിയ ഇടപാടുകളെപ്പറ്റി ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. ചേർത്തലയിലെ നൂറേക്കറിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്കായി ജീവനക്കാരെയും നിയമിച്ചിരുന്നു. ഇതിനിടെ സൗന്ദര്യ ചികിത്സയുടെ മറവിൽ മോൻസൻ നടത്തിയ ആയുർവേദ ചികിത്സയെക്കുറിച്ചും അന്വേഷണം തുടങ്ങി.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് മെഡിക്കൽ യൂണിവേഴ്സിറ്റിയെക്കുറിച്ചുളള വിവരം കിട്ടിയത്. 2018 ലാണ് ചേർത്തലയിൽ കോസ്മോസ് മെഡിക്കൽ യൂണിവേഴ്സിറ്റിയെന്ന പേരിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനം മോൻസൻ നടത്തിയത്. ഇതിലേക്കായി നിരവധി പേരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് കലൂരിലെ മ്യൂസിയത്തിലായിരുന്നു നിയമനം. ചേർത്തലയിൽ 100 ഏക്കർ ഭൂമി പദ്ധതിക്കായി വാങ്ങിയെന്നും മൂന്നു മാസത്തിനുളളിൽ നിർമാണം തുടങ്ങുമെന്നുമാണ് അന്ന് മോൻസൻ പറഞ്ഞിരുന്നത്.
എച്ച്‌എസ്‌ബിസി ബാങ്കിൽ 262000 കോടി രൂപ വന്നിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടിയാലുടൻ ആരോഗ്യ സർവകലാശാല പ്രവർത്തനം തുടങ്ങുമെന്നുമായിരുന്നു വാക്ക്. ഒന്നും നടക്കാതെ വന്നതോടെ നിയമനം നേടിയ പലരും പിന്നീട് ജോലി ഉപേക്ഷിച്ചു പോയി. കോസ്മോസ് മെഡിക്കൽ യൂണിവേഴ്സ്റ്റിയുടെ പേരിലും മോൻസൻ സാമ്പത്തിക തട്ടിപ്പ് നടത്തിയോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. സൗന്ദര്യ ചികിത്സയുടെ മറവിൽ കലൂരിലെ മ്യൂസിയത്തിൽ മോൻസൻ നടത്തിയ ആയുർവേദ ചികിത്സയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. യുവതിയായ ആയുർവേദ ഡോക്ടറായിരുന്നു വിഐപികൾ അടക്കമുളളവരെ ചികിത്സിച്ചത്. വ്യാജ ചികിത്സയുടെ പേരിലടക്കം മോൻസനെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഈ വനിതാ ഡോക്ടറുടെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും.
Post Your Comments