ഉത്തരാഖണ്ഡ്: മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഹിന്ദുക്കള്‍ മതം മാറേണ്ടതില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു കുടുംബങ്ങള്‍ പാരമ്പര്യത്തിന്റെ മഹത്വം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാത്തതാണ് ഇത്തരം മതം മാറ്റങ്ങള്‍ക്ക് പിന്നിലെന്ന് ആര്‍എസ്എസ് മേധാവി വിമര്‍ശിച്ചു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ആര്‍എസ്എസിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മോഹന്‍ ഭാഗവതിന്റെ പ്രതികരണം.
സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് വിവാഹത്തിന് വേണ്ടി ഹിന്ദുക്കള്‍ മറ്റു മതങ്ങള്‍ സ്വീകരിക്കുന്നതെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ അഭിപ്രായം. കുട്ടികള്‍ക്ക് പാരമ്പര്യത്തെ കുറിച്ച് അറിവുപകരണമെന്നും അവരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം മതകാര്യങ്ങളില്‍ നല്‍കണമെന്നും മോഹന്‍ ഭഗവത് വിശദീകരിച്ചു. വീടുകളില്‍ നിന്ന് തന്നെ മതത്തില്‍ അഭിമാനിക്കാനും പാരമ്പര്യത്തെ ബഹുമാനത്തോടെ കാണാനും കുട്ടികളെ പര്യാപ്തമാക്കണമെന്നും ഭാഗവത് നിര്‍ദേശിച്ചു. പടിഞ്ഞാറന്‍ രാജ്യങ്ങളടക്കം ഇന്ത്യയുടെ കുടുംബ ഘടന പഠിക്കുമ്പോള്‍ ഇതിനെ നശിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ സമ്പത്ത് മുഗളന്‍മാര്‍ കൊള്ളയടിച്ചുവെന്ന ആക്ഷേപവും ആര്‍എസ്എസ് മേധാവി ഉന്നയിച്ചു. രാജ്യത്ത് മയക്കുമരുന്ന് ഉപഭോഗത്തിന്റെ നേട്ടം ആര്‍ക്കാണ് ലഭിക്കുന്നതെന്ന ചോദ്യവും ഭാഗവത് ഉന്നയിച്ചു.
Post Your Comments