കോടഞ്ചേരി: ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ പാൽ ശേഖരിച്ച് പോയ മിൽമയുടെ ടാങ്കർ ലോറി താഴ്ചയിലേക്കു മറിഞ്ഞു. ടാങ്കറിലെ 7,900 ലിറ്ററോളം പാൽ ഒഴുകിപ്പോയി. വെള്ളിയാഴ്ച ഉച്ച 12 ഓടെയാണ് സംഭവം. ടാങ്കർ ലോറി മൈക്കാവ് കൂടത്തായി റോഡിൽ ഇടലോറ മൃഗാശുപത്രിക്കു സമീപമുള്ള തോട്ടിലേക്കാണ് തലകീഴായി മറിഞ്ഞത്.
കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയിൽ, പൂളവള്ളി, മൈക്കാവ് എന്നിവിടങ്ങളിലെ പാൽ സൊസൈറ്റികളിൽ നിന്ന് ശേഖരിച്ച ശേഷം കുന്ദമംഗലത്തേക്ക് പോകുമ്പോഴാണ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നതാണ് അപകട കാരണം.
ഒലിച്ച് പോയ 7,900 ലീറ്റർ പാലിന് 4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിർമാണം നടക്കുന്ന മൈക്കാവ് കൂടത്തായി റോഡിൽ വാഹനഗതാഗതം ദുഷ്കരമായിട്ട് ഏറെ നാളായി. റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിൽ നാട്ടുകാർ കടുത്ത അമർഷത്തിലാണ്. റോഡ് നിർമാണത്തിലെ അപാകത മൂലമാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Post Your Comments